തിരുവനന്തപുരം : വോട്ട് ചോർച്ചയെച്ചൊല്ലി ബിജെപിയില്‍ തർക്കം. തിരുവനന്തപുരം ജില്ലയില്‍ സിറ്റിംഗ് വാർഡുകളിലുള്‍പ്പെടെ വോട്ട് ചോർന്നതായി ബിജെപി ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. യോഗത്തിനിടെ വി.വി രാജേഷും എസ് സുരേഷും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി.
ജില്ലയില്‍ അടിസ്ഥാനവോട്ടുകള്‍ ചോര്‍ന്നതായാണ് ബിജെപി ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. നേമത്തെ നായര്‍ വോട്ടുകള്‍ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന് ലഭിച്ചതായും സിറ്റിംഗ് വാർഡുകളിലുള്‍പ്പെടെ വോട്ട് ചോർച്ചയുണ്ടായതായും വിലയിരുത്തലുണ്ടായി. കഴക്കൂട്ടം മണ്ഡലത്തില്‍ സ്ഥാനാർത്ഥി നിർണയം വൈകിയത് തിരിച്ചടിയായെന്നും ചൂണ്ടിക്കാണിച്ചു. ജില്ലാ കോര്‍ കമ്മിറ്റി വിളിക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ നിർദേശം നൽകി.