തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ആരംഭിച്ചു. ഇന്നു രാവിലെ 6 മണി മുതൽ മെയ് 16 അർധരാത്രി വരെയാണ് ലോക്ക്ഡൗൺ. അത്യാവശ്യ കാര്യങ്ങൾക്കു പുറത്തുപോകേണ്ടവർക്കു പൊലീസിന്റെ പാസ് വേണം. ഓൺലൈൻ പാസ് സംവിധാനം ഇന്നു വൈകിട്ടോടെ നിലവിൽ വരുമെന്നു പൊലീസ് വ്യക്തമാക്കി. കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രകള്‍ ഒഴിവാക്കണം. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ സത്യവാങ്മൂലം കൈയില്‍ കരുതണം.
തിരിച്ചറിയൽ കാർഡുള്ള അവശ്യസേവന വിഭാഗക്കാർക്കു ജോലിക്കു പോകാൻ പാസ് വേണ്ട. വീട്ടുജോലിക്കാർ, കൂലിപ്പണിക്കാർ, തൊഴിലാളികൾ തുടങ്ങി തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർ നേരിട്ടോ തൊഴിൽദാതാവ് മുഖേനയോ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് പാസിന് അപേക്ഷ നൽകണം. ഇവർക്ക് ഇന്നുമാത്രം സ്വയം തയാറാക്കിയ സാക്ഷ്യപത്രവുമായി യാത്ര ചെയ്യാം. മറ്റുള്ളവർക്ക് അടിയന്തര ആവശ്യങ്ങൾക്ക് സത്യപ്രസ്താവനയുമായി ഇന്നു യാത്ര ചെയ്യാം. ഓൺലൈൻ സംവിധാനം നിലവിൽ വന്നാൽ, അവശ്യസേവന വിഭാഗങ്ങൾ ഒഴികെയുള്ളവർക്ക് പുറത്തിറങ്ങുമ്പോൾ പാസ് നിർബന്ധമാണെന്നു പൊലീസ് അറിയിച്ചു. പാസ് സംവിധാനം സംബന്ധിച്ച് ഇന്നു വൈകിട്ടോടെ വ്യക്തത വരുമെന്നാണ് സൂചന. ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാർഗരേഖയിൽ ഭേദഗതി വരുത്തിയാണു നിയന്ത്രണങ്ങൾ കൂട്ടിയത്.
വിവാഹം, മരണാനന്തരച്ചടങ്ങുകള്‍, രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക എന്നിവയ്ക്കുമാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ. മരണാനന്തരച്ചടങ്ങുകള്‍, വിവാഹം എന്നിവയ്ക്ക് കാര്‍മികത്വം വഹിക്കേണ്ട പുരോഹിതന്മാര്ക്ക് നിയന്ത്രണമില്ല. സ്വയം തയാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ കൈവശമുണ്ടാകണം. ഹോട്ടലുകള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി 7.30 വരെ പാഴ്സല്‍ നല്‍കാം. ലോക്ക്ഡൗൺ സുരക്ഷ ഉറപ്പിക്കുന്നതിനും ക്രമീകരണങ്ങള്‍ക്കുമായി 25,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമായി ചുരുക്കി. 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാകും പ്രവർത്തനം.
സമ്പൂർണ്ണ ലോക്ക്ഡൗൺ നിർദേശങ്ങള്‍ ഒറ്റനോട്ടത്തില്‍ :
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ കോവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യണം. 14 ദിവസം ക്വാറന്റൈനില്‍ കഴിയണം, വാര്‍ഡ്തല സമിതിക്കാര്‍ക്ക് സഞ്ചരിക്കാന്‍ പാസ്, തട്ടുകടകള്‍ പാടില്ല, ഹാര്‍ബര്‍ ലേലം നിര്‍ത്തി, കള്ളുഷാപ്പുകളും അടച്ചു, ചിട്ടിതവണ പിരിവിന് വിലക്ക്, സ്വകാര്യവാഹനങ്ങള്‍ പുറത്തിറങ്ങരുത്, ചരക്കുഗതാഗതത്തിന് തടസമില്ല, മാധ്യമപ്രവര്‍ത്തകരെ തടയില്ല, കോടതി ചേരുന്നുണ്ടെങ്കില്‍ അഭിഭാഷകര്‍ക്കും ഗുമസ്തന്മാര്ക്കും യാത്രാനുമതി, ഭക്ഷ്യവസ്തുക്കള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ പാക്കിംഗ് യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാം, വാഹന വര്‍ക്ക്ഷോപ്പുകള്‍ ആഴ്ച അവസാനം രണ്ടുദിവസം തുറക്കാം.