ബഹ്റൈൻ : കഴിഞ്ഞദിവസം കൂടിയ മന്ത്രിസഭായോഗത്തിലാണ് കോവിഡ് പ്രതിസന്ധി കണക്കിലെടുത്തു ഇന്ത്യക്കു അടിയന്തര സഹായം നൽകാൻ തീരുമാനിച്ചത്. ഇതനുസരിച്ച് ഓക്സിജനും മറ്റ് മെഡിക്കൽ സംബന്ധമായ ഉപകരണങ്ങളും ഇന്ത്യക്കു നൽകും . കോവിഡ് മഹാമാരി തീവ്രമായി ബാധിച്ച ഇന്ത്യക്കു എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുന്നതായി വിദേശ്യകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബഹ്റൈൻ വിദേശ കാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് ഇന്ത്യക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
പ്രസ്താവനയിൽ ഇന്ത്യയിൽ കോവിഡ് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളോടുള്ള അനുശോചനം അറിയിച്ചു . ഇന്ത്യൻ ജനത എത്രയും വേഗം കോവിഡിൽ നിന്നും മുക്തരാകട്ടെ എന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആശംസിച്ചു .കൂടാതെ തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. കോവിടുമായി ബന്ധപ്പെട്ട പ്രതിരോധ സമിതിയുടെ നിർദേശങ്ങൾ പാലിച്ച് തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ നടപ്പിലാക്കാനും മന്ത്രിസഭ തീരുമാനമെടുത്തു.
ബഹ്റിനിൽ കഴിയുന്നവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു . സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായി ആണ് വാക്സിൻ ഇവിടെ നൽകുന്നത്. നിലവിലെ കോവിഡ് -19 സാഹചര്യത്തിൽ ഇന്ത്യക്കു നൽകിയ പിന്തുണക്കു ബഹ്റിനിലെ നേതൃത്വത്തിനോടു നന്ദി പറയുന്നതായി എംബസി ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു.