ഡല്‍ഹി : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമമില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദത്തിനെതിരെയാണ് പ്രിയങ്ക രംഗത്തെത്തിയത്. ഒരു വിവേകമില്ലാത്ത സര്‍ക്കാരില്‍ നിന്ന് മാത്രമെ ഇത്തരമൊരു പ്രസ്താവനയുണ്ടാവൂവെന്ന് പ്രിയങ്കാഗാന്ധി വിമര്‍ശിച്ചു.
‘ഓക്സിജന്‍ ദൗര്‍ലഭ്യം കാരണം ആശുപത്രികളില്‍ പ്രവേശനമില്ലാത്ത രോഗികളുടെ സ്ഥാനത്ത് സ്വയം ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. ഒരു വിവേകമില്ലാത്ത സര്‍ക്കാരിന് മാത്രമെ ഇത്തരത്തില്‍ പറയാന്‍ കഴിയൂ. സംസ്ഥാനത്ത് യഥാര്‍ത്ഥത്തില്‍ ഓക്സിജന്‍ അടിയന്തിരാവസ്ഥയാണ്.’ പ്രിയങ്കാഗാന്ധി പറഞ്ഞു.
സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കുമെന്നും യോഗി പറഞ്ഞിരുന്നു. വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് തന്റെ സ്വത്ത് കണ്ടുകെട്ടുകയാണെങ്കില്‍ അങ്ങനെ ചെയ്യാമെന്നും കേസെടുക്കാമെന്നും പ്രിയങ്കാ ഗാന്ധി വെല്ലുവിളിച്ചു.