കേരളം വാക്സിനേഷന് പരിഗണിക്കുന്നത് കോവിഷീല്‍ഡ് ; ഡോസിന് വില 400 രൂപ

Monday, April 26, 2021

തിരുവനന്തപുരം : വാക്സിനേഷന് കോവിഷീൽഡ് വാക്സിന് ആദ്യ പരിഗണന നൽകാൻ കേരളം. കോവാക്സിനിനെ അപേക്ഷിച്ച് കോവിഷീല്‍ഡിന് വില കുറവായതിനാലാണ് സംസ്ഥാനം പ്രഥമ പരിഗണന നല്‍കുന്നത്. കേന്ദ്രസർക്കാർ അനുമതി നൽകിയ സ്പുട്നിക് വാങ്ങാനുള്ള സാധ്യതകളും സർക്കാർ തേടും. ഇന്നു ചേരുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.

കോവാക്സിന് സർക്കാർ 600 രൂപയാണു നൽകേണ്ടി വരിക. കോവിഷീൽഡിന് 400. രണ്ടു വാക്സീനുകളും പകുതി വീതം വാങ്ങാനാണ് വിദഗ്ധസമിതി ശുപാർശ നൽകിയിരുന്നത്. കോവാക്സിന്‍റെ വില പ്രഖ്യാപിച്ചതോടെയാണ് കോവിഷീൽഡിനു മുൻഗണന നൽകാനുള്ള തീരുമാനം. കോവിഷീൽഡിന്‍റെ ലഭ്യത കുറവാണെങ്കിൽ വില കൂടിയാലും കോവാക്സിൻ വാങ്ങേണ്ടിവരും. സ്പുട്നിക് എന്നു മുതൽ ലഭ്യമാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്.

ചീഫ് സെക്രട്ടറി വി.പി.ജോയി, ധനവകുപ്പ് മേധാവി ആർ.കെ.സിങ്, ആരോഗ്യവകുപ്പ് മേധാവി രാജൻ ഖൊബ്രഗഡെ എന്നിവരാണ് വാക്സീൻ വാങ്ങൽ തീരുമാനിക്കാനുള്ള സമിതിയിലുള്ളത്.