‘കൊവിഡ് പ്രതിരോധത്തില്‍ കേരളം കേന്ദ്രത്തിന്‍റെ വഴി സ്വീകരിക്കരുത് ; കൃത്യമായ ഇടപെടലുകള്‍ക്ക് പ്രതിപക്ഷത്തിന്‍റെ പൂർണ്ണ പിന്തുണ’: പികെ കുഞ്ഞാലികുട്ടി

Saturday, April 24, 2021

കൊവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും ഒത്തൊരുമിക്കണം എന്നുതന്നെയാണ് യുഡിഎഫിന്‍റേയും  ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്‍റെയും പൊതു നയം. എന്നാൽ സർക്കാരുകൾ കൃത്യമായ ഉത്തരവാദിത്വം കാണിക്കണം. കേന്ദ്ര സർക്കാർ രാഷ്ട്രീയ പേരെടുക്കലിനാണ് അദ്യഘട്ടത്തിൽ ശ്രമിച്ചതെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ലോക രാജ്യങ്ങൾ അവരുടെ പൗരന്മാരെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ കേന്ദ്ര സർക്കാർ പൊളിറ്റിക്കൽ മൈലേജിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

ധാരാളം വീഴ്ചകൾ ഈ കാര്യത്തിൽ അവരുടെ ഭാഗത്തുനിന്നും ഉണ്ടായി, കേരള സർക്കാരും ഇത് ആവർത്തിക്കരുതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. പ്രതിദിന ടെസ്റ്റ് പോസിറ്റീവ് നിരക്ക് ക്രമാതീതമായി ഉയരുന്ന ഈ സമയത്ത് സന്ദർഭത്തിനനുസരിച് ഉണർന്ന് പ്രവർത്തിക്കണം. ഈ പ്രതിസന്ധിയെ കുറ്റമറ്റ രീതിയിൽ മാനേജ് ചെയ്യണമെന്നും അത് നടപ്പിൽ വരുത്താൻ കൃത്യമായ ഒരു രീതിശാത്രം രൂപീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അതിന് പ്രതിപക്ഷത്തിന്‍റെ പൂർണ്ണ പിന്തുണയുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധി പൊതു ഫണ്ട് ആണെന്നും അതിലേക്ക് സംഭാനകൾ നൽകുന്നത് നല്ലകാര്യമാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.