എ.എന്‍ ഷംസീർ എംഎൽഎയുടെ ഭാര്യയെ നിയമിക്കാന്‍ ഉള്ള നീക്കത്തിനെതിരായ പരാതിയില്‍ ഇടപെട്ട് ഗവർണർ. കണ്ണൂർ സർവകലാശാല വിസിയോട് വിശദീകരണം തേടി. കണ്ണൂർ യൂണിവേഴ്സിറ്റി എച്ച്ആര്‍ഡി സെന്ററില്‍ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനാണ് നീക്കം നടക്കുന്നത്. മറ്റൊരു യൂണിവേഴ്സിറ്റിയിലും എച്ച്ആര്‍ഡി സെന്ററില്‍ അസി. പ്രൊഫസർ തസ്തികയില്ല. അഭിമുഖത്തിലേക്കുള്ള ഷോർട്ട് ലിസ്റ്റില്‍ ഷംസീറിന്റെ ഭാര്യ സഹ്ലയും ഇടം പിടിച്ചിട്ടുണ്ട്. ഷോർട്ട് ലിസ്റ്റില്‍ 30 പേരെ ഉള്‍പ്പെടുത്തിയത് സഹ്ലയെ പരിഗണിക്കാനെന്നാണ് പരാതി. 2020 ജൂണില്‍ വിളിച്ച തസ്തികയിലേക്കായി അഭിമുഖം നിശ്ചയിച്ചത് ഒരാഴ്ച മുമ്പാണ്.
ഈ മാസം 9ാം തീയതിയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തിന് ഇന്ന് ഹാജരാകണമെന്ന് കാണിച്ച് കത്ത് വരുന്നത്. കേരളത്തിലെ മറ്റ് യൂണിവേഴ്സിറ്റികളിലെ എച്ച് ആര്‍ഡി സെന്ററുകളിലൊന്നും തന്നെ അസിസ്റ്റന്റ് പ്രൊഫസര്‍ എന്ന തസ്തികയില്ല. മറ്റ് യൂണിവേഴ്സിറ്റികളിലില്ലാത്ത ഒരു തസ്തിക കഴിഞ്ഞ വര്‍ഷം അനുവദിച്ച് അതിലേക്ക് അഭിമുഖത്തിന് അപേക്ഷ ക്ഷണിക്കുകയാണ് ചെയ്തതെന്ന് വ്യക്തം.
നിലവിലുള്ള ഒരു പോസ്റ്റിലേക്ക് 30 പേരെയാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഒരു പോസ്റ്റിലേക്ക് 10 പേരെയാണ് സാധാരണ ഇത്തരം നിയമനങ്ങളില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാറുള്ളത്. ഇത് യോഗ്യതാ റാങ്കിംഗില്‍ താഴെയുള്ള സഹ്ലയെ കൂടി ഉള്‍പ്പെടുത്താനാണ് എന്ന സംശയമാണ് മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ട് വെക്കുന്നത്. നിയമനം നിർത്തിവെക്കണമെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന് നല്കിയ പരാതിയിലാണ് ഗവർണർ വിശദീകരണം തേടിയിരിക്കുന്നത്.