തൃശൂർ പൂരത്തിനുള്ള പാസ് വിതരണം സംബന്ധിച്ച തീരുമാനത്തില്‍ അനിശ്ചിതത്വം. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തരയ്ക്ക് ചേരാനിരുന്ന യോഗം മാറ്റിയതാണ് പാസ് വിതരണവും നീളാന്‍ കാരണം. വൈകിട്ട് നാല് മണിയിലേക്കാണ് യോഗം മാറ്റിവെച്ചത്. ഓൺലൈൻ വഴിയാണ് യോഗം നടക്കുക. ചർച്ചയ്ക്ക് ശേഷമായിരിക്കും പാസ് വിതരണം സംബന്ധിച്ച് തീരുമാനമാകുക.
കർശന നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം. ഇക്കാര്യം യോഗത്തില്‍ ആവശ്യപ്പെടും. കൊവിഡിന്റെ പേരില്‍ പൂരം മുടക്കാന്‍ അനാവശ്യ ഭീതി പരത്തുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് ആരോപിച്ചിരുന്നു. ജനങ്ങളെ പേടിപ്പിക്കുന്ന രീതിയില്‍ ഡി.എം.ഒ വീഡിയോ പുറത്തിറക്കിയതില്‍ ദുരൂഹതയുണ്ടെന്നും സെക്രട്ടറി ജി രാജേഷ് പറഞ്ഞു. ആസൂത്രിതമായി പൂരം മുടക്കാനാണ് ശ്രമം. എന്തുവന്നാലും പൂരം നടത്തുമെന്നാണ് ആഘോഷകമ്മിറ്റി തീരുമാനിച്ചിട്ടുളളതെന്നും രാജേഷ് വ്യക്തമാക്കി.