ഹെലികോപ്റ്റര്‍ അപകടം : യൂസഫലി ശസ്ത്രക്രിയയ്ക്ക് വിധേയനായി

Jaihind Webdesk
Friday, April 16, 2021

 

ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട വ്യവസായി എം.എ യൂസഫലി അബുദാബിയിൽ നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ജർമനിയിൽ നിന്നുള്ള പ്രശസ്ത ന്യൂറോ സർജൻ ഡോ. ഷവാർബിയുടെ നേതൃത്വത്തിലുള്ള 25 ഡോക്ടർമാരടങ്ങിയ വിദഗ്ധ സംഘമാണ്  ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം യൂസഫലി സുഖം പ്രാപിച്ച് വരികയാണെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ അറിയിച്ചു. ഏപ്രില്‍ 13 നാണ് യൂസഫലി ശസ്ത്രക്രിയക്ക് വിധേയനായത്.

കഴിഞ്ഞ ഞായറാഴ്ചയാണ് (ഏപ്രില്‍ 11) യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ പനങ്ങാട്ടെ ചതുപ്പ് നിലത്തിൽ അടിയന്തരഘട്ടത്തില്‍ ഇടിച്ചിറക്കേണ്ടിവന്നത്. അപകടത്തില്‍ യൂസഫലിക്ക് നട്ടെല്ലിന് ക്ഷതമേറ്റിരുന്നു. തിങ്കളാഴ്ച പുലർച്ചെയോടെ അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനത്തില്‍ യൂസഫലി അബുദാബിയിലെത്തിയിരുന്നു. പിറ്റേന്നാണ് നട്ടെല്ലിന്‍റെ ചികിൽസയ്ക്ക് വിധേയനായത്.

യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ, യു.എ.ഇ. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ബഹറിൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളും, മുഖ്യമന്ത്രി പിണറായി വിജയൻ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മറ്റ് കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിവിധ മതവിഭാഗങ്ങളിലെ ആത്മീയാചാര്യന്മാർ എന്നിവരടക്കമുള്ള രാഷ്ട്രീയ-സാമൂഹ്യ-വാണിജ്യ-മത രംഗത്തുള്ള പ്രമുഖർ യൂസഫലിയെ നേരിട്ട് വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ച് ആശംസകൾ നേർന്നു.