കണ്ണൂർ : പാനൂർ മൻസൂർ വധക്കേസില്‍ പ്രധാന പ്രതികളെ കണ്ടെത്താനാവാതെ ക്രൈംബ്രാഞ്ച് സംഘം. അതേസമയം പരിശോധന ഊർജ്ജിതമാക്കിയതായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞു. ഇക്കഴിഞ്ഞ 6 ന് രാത്രിയിലാണ് മൻസൂറും സഹോദരനും ആക്രമിക്കപ്പെടുന്നത്. ഗുരുതരമായി പരിക്കേറ്റ മൻസൂർ ആശുപത്രിയിൽവച്ച് മരിച്ചു.
സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരായ ഷിനോസ്, രതീഷ്, സംഗീത്, ശ്രീരാഗ്, സുഹൈൽ, സജീവൻ, അശ്വന്ത്, ശശി, സുമേഷ്, ജാബിർ, നാസർ എന്നിവരായിരുന്നു അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. കണ്ടാൽ അറിയാവുന്ന മറ്റു 14 പേരും പ്രതികളെന്ന് പ്രഥമവിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആദ്യം ജില്ലാ ക്രൈംബ്രാഞ്ചും പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചുമാണ് കേസന്വേഷിക്കുന്നത്.
ഒന്നാം പ്രതിയായ ഷിനോസിനെ അക്രമം നടന്ന സ്ഥലത്ത് നിന്ന് നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇയാളെ കൂടാതെ ശ്രീരാഗ്, അശ്വന്ത്,അനീഷ്, ബിജേഷ് എന്നിവരെ പൊലീസ് പിടികൂടി. പ്രതിപട്ടികയിൽ ഉണ്ടായിരുന്ന രതീഷിനെ ചെക്യാട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. എന്നാൽ മറ്റു പ്രതികളെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കണ്ണൂർ – കോഴിക്കോട് ജില്ല അതിർത്തിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതികൾ ഒളിവിൽ താമസിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് പല ഇടങ്ങളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും മറ്റുള്ള പ്രതികളെ കണ്ടെത്താനായില്ല.
അതിനിടെ രതീഷിൻ്റെ മരണത്തെ തുടർന്ന് ചെക്യാട് മേഖലയിലേക്ക് അന്വേഷണം നീങ്ങിയതോടെ മറ്റു പ്രതികൾ വേറൊരു ഇടത്തേക്ക് മാറിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിപട്ടികയിലുള്ള എല്ലാവരുടെയും ഫോണുകൾ സ്വിച്ച് ഓഫാണ്. പ്രതികൾ സഞ്ചരിച്ചുവെന്ന് കരുതുന്ന സ്ഥലങ്ങളിലെ മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. പ്രതികൾ മൂന്നു പേരുടെ നേതൃത്വത്തിൽ വ്യത്യസ്ത ഇടങ്ങളിലാണ് ഒളിവിൽ കഴിയുന്നതെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കോടതിയിൽ കീഴടങ്ങാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളികളയുന്നില്ല.