തിരുവനന്തപുരം : മന്ത്രി കെ.ടി ജലീൽ തന്റെ ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് യോഗ്യതാ മാനദണ്ഡം മാറ്റാൻ ആവശ്യപ്പെട്ട് നൽകിയ കത്ത് പുറത്ത്. കത്ത് നൽകിയത് മന്ത്രിയായി സ്ഥാനമേറ്റ് രണ്ട് മാസത്തിനുള്ളിൽ. ന്യൂനപക്ഷ വികസന കോർപറേഷൻ സെക്രട്ടറിക്കായിരുന്നു മന്ത്രി കത്ത് നൽകിയത്.
ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജർ തസ്തികയിലെ യോഗ്യതയിൽ മാറ്റം വരുത്താന്‍ മന്ത്രി നിർദ്ദേശിച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്. ബന്ധുവായ അദീബിന്റെ നിയമനത്തിനായി മന്ത്രി തന്നെയാണ് മാറ്റം നിർദേശിച്ചത്. കോർപ്പറേഷൻ നിർദേശിക്കാതെ മന്ത്രി മാറ്റം ആവശ്യപ്പെട്ടത് ബന്ധുവിന് വേണ്ടിയാണെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു.
ലോകായുക്ത ഉത്തരവിന്റെ പ്രധാന കാരണമായ ജലീലിന്റെ കത്താണ് ഇപ്പോൾ പുറത്തായത്. സ്വജനപക്ഷപാതം കാണിച്ച ജലീൽ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്താ ഡിവിഷൻ ബെഞ്ച് വിധിച്ചത്. ബന്ധുനിയമനത്തിൽ ജലീലിന്റേത് അധികാരദുർവിനിയോഗമാണെന്നും ലോകായുക്ത നിരീക്ഷിച്ചിരുന്നു.
ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്താ കോടതി വിധിയിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മന്ത്രി കെ ടി ജലീൽ.