ക്രൈംബ്രാഞ്ച് വ്യജതെളിവ് ഉണ്ടാക്കുന്നു ; കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം; ഇ.ഡി

Jaihind Webdesk
Friday, April 9, 2021


കൊച്ചി : ക്രൈംബ്രാഞ്ചിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഇ.ഡി ഹൈക്കോടതിയില്‍.  ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കവെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തത് കോടതിയലക്ഷ്യമെന്നാണ് ഇഡിയുടെ വാദം. മുഖ്യമന്ത്രിയുടെ പേരുപറയാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന പരാതി സന്ദീപ് നായര്‍ മുമ്പ് എവിടെയും പറഞ്ഞിട്ടില്ല. പരാതികളുണ്ടോയെന്ന് പല തവണ കോടതി ചോദിച്ചപ്പോഴും ഇല്ലാ എന്നായിരുന്നു സന്ദീപിന്‍റെ മറുപടി. എട്ട് മാസത്തിനു ശേഷം സന്ദീപ് പരാതിയുമായി വന്നതിന് പിന്നില്‍ ഉന്നതരുടെ പ്രേരണയുണ്ടെന്നും ഇ.ഡി പറയുന്നു.

സന്ദീപിന്‍റെ പരാതിക്ക് പിന്നില്‍ ക്രൈംബ്രാഞ്ചെന്നാണ് ഇഡി വിശദീകരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്‍റിനെതിരെ ക്രൈംബ്രാഞ്ച് വ്യാജതെളിവ് ഉണ്ടാക്കുകയാണെന്നും നിയമ നടപടികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഇഡി ആരോപിച്ചു. ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ അസാധാരണ പ്രതിസന്ധിയുണ്ടാക്കിയെന്നും  കള്ളപ്പണക്കേസില്‍ ഇടപെടാനുള്ള ശ്രമം മാത്രമാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസിന് പിന്നിലെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി. ഉന്നതരുടെ പേരുകള്‍ ഉള്‍പ്പെടുന്ന മൊഴികളോ രേഖകളോ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയിട്ടില്ല. എല്ലാ രേഖയും ആക്ഷേപം ഉന്നയിക്കുന്നവുടെ കയ്യിലുണ്ടെന്നും ഇഡി പറയുന്നു.