പരാജയഭീതിയില്‍ അക്രമം അഴിച്ചുവിട്ട് സിപിഎം ; കായംകുളത്ത് യുഡിഎഫ് പ്രവർത്തകന് വെട്ടേറ്റു ; കണ്ണൂരില്‍ ബോംബേറ്

Jaihind Webdesk
Tuesday, April 6, 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപക ആക്രമം അഴിച്ചുവിട്ട് സിപിഎം. കണ്ണൂരില്‍ നിരവധി അക്രമസംഭവങ്ങള്‍ ഉണ്ടായി. ബോംബെറിയുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഹരിപ്പാടും കായംകുളത്തും അക്രമസംഭവങ്ങളുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. എരുവ സ്വദേശി അഫ്സലിനാണ് വെട്ടേറ്റത്. മറ്റൊരു പ്രവർത്തകൻ നൗഫലിന് മർദ്ദനമേറ്റു. ഇരുവരെയും കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇരുവരെയും ആശുപത്രിയിൽ സന്ദർശിച്ചു. ഹരിപ്പാട്ടെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് രാജേഷ് കുട്ടനും പരിക്കേറ്റു. പരാജയ ഭീതിയില്‍ സിപിഎം വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

കാസർഗോഡ് തൃക്കരിപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എം.പി ജോസഫ് സഞ്ചരിച്ച കാർ സി.പി.എം പ്രവർത്തകർ ചെങ്കല്ലിട്ട് തകർത്തു. യുഡിഎഫ്  ബൂത്ത് ഏജൻറുമാർക്ക് വധഭീഷണി ഉണ്ടായത് അന്വേഷിക്കാനെത്തിയ പ്പോഴായിരുന്നു ആക്രമണം. സ്ഥാനാർത്ഥിയും കൂടെയുണ്ടായിരുന്നവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

എറണാകുളം പിറവം മണ്ഡലത്തിലെ കോൺഗ്രസ് ബൂത്ത്‌ ഏജന്‍റിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി മർദ്ദിച്ചെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകർ രാമമംഗലം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. സ്ഥാനാർത്ഥി അനൂപ് ജേക്കബിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കിഴുമുറിയിലെ ബൂത്ത് ഏജൻ്റ് സാജനെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി രാജേഷിൻ്റെ നേതൃത്വത്തിൽ മർദ്ദിച്ചെന്നാണ് പരാതി. മർദ്ദനമേറ്റ സാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെ വാർഡായിരുന്ന കിഴുമുറി യുഡിഎഫ് പിടിച്ചെടുത്തിരുന്നു. ഈ പകയാണ് മർദ്ദനത്തിന് കാരണമെന്ന് യുഡിഎഫ് ആരോപിച്ചു.

കണ്ണൂർ ജില്ലയില്‍ വ്യാപക അക്രമണമാണുണ്ടായത്. കണ്ണൂരിലെ പാനൂർ മുക്കിൽ പിടികയിൽ ബോംബേറുണ്ടായി. യൂത്ത് ലീഗ് പ്രവർത്തകരായ പാറാലിൽ മൻസുർ, മുഹ്സിൻ എന്നിവർക്ക് പരിക്കേറ്റു. ബോംബെറിഞ്ഞ ശേഷം ഇവരെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കണ്ണൂർ ചെറുകുന്നിൽ യൂത്ത് ലീഗ് പ്രവർത്തകന് നേരെ സിപിഎം അക്രമം. മുജീബ് റഹ്മാനെയാണ് അക്രമിച്ചത്.
യുഡിഎഫ് ബൂത്ത് ഏജൻ്റുമാരെ വോട്ടെടുപ്പിന് ശേഷം വീട്ടിലേക്ക് ഓട്ടോയിൽ കൊണ്ടു പോകുന്നതിനിടെയാണ് അക്രമം നടന്നത്. ആന്തൂരിലും വേശാലയിൽ വെച്ചും യുഡിഎഫ് സ്ഥാനാർത്ഥി വി.പി അബ്ദുൽ റഷീദിനെ കയ്യേറ്റം ചെയ്തു. കണ്ണൂർ ജില്ലയിലെ വിവിധ ഇടങ്ങളിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ പ്രിസൈഡിംഗ് ഓഫീസർക്ക് ഉൾപ്പെടെ പരിക്കേറ്റു. തളിപ്പറമ്പ് നിയോജകമണ്ഡലത്തിലാണ് കൂടുതല്‍ അക്രമം ഉണ്ടായത്.

രാവിലെ മുതല്‍ തന്നെ തളിപ്പറമ്പ് അക്രമ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തു. ബൂത്ത് 118 ആയ ആന്തൂർ കോടല്ലൂർ സ്കൂളിലെ ബൂത്തിൽ യുഡിഎഫ് ബൂത്ത് ഏജൻ്റിനെ ഇരിക്കാൻ അനുവദിച്ചില്ല. ബൂത്ത് ഏജൻ്റായ സി.എം.പി പ്രവർത്തകൻ രവീന്ദ്രനെ ഇരിക്കാൻ അനുവദിക്കാതെ എൽഡിഎഫ് പ്രവർത്തകർ തിരിച്ചയച്ചു. തളിപ്പറമ്പ ഒന്നാം നമ്പർ ബൂത്തിലെ യുഡിഎഫ് ബൂത്ത്‌ ഏജന്‍റ് വി.വി കൃഷ്‌ണനെ ബൂത്തിൽ വെച്ച് സിപിഎം പ്രവർത്തകർ മർദിച്ചു. ചെരിയൂർ ഹൈസ്ക്കൂൾ
ബൂത്ത്‌ നമ്പർ 1 A യിൽ വെച്ചാണ് ഇയാളെ മർദ്ദിച്ചത്.പരിക്കേറ്റ വി.വി കൃഷ്ണനെ തളിപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ ഡിസിസി സെക്രട്ടറി ടി ജനാർദ്ദനൻ, മുസ്ലിം ലീഗ് നിയോജക മണ്ഡലം ചെയർമാൻ പിവി അബ്ദുള്ള തുടങ്ങിയവരെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തു. ആന്തൂറിലെ കടമ്പേരി ബൂത്ത് സന്ദർശിക്കാനെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൽ റഷീദിനെ ഉൾപ്പടെ കയ്യേറ്റം ചെയ്തു. സ്ത്രീകൾ ഉൾപ്പടെയുള്ള വോട്ടർമാരെ അമ്പതോളം വരുന്ന സിപിഎം പ്രവർത്തകർ തടയുകയും ചെയ്തു.

പോളിംഗ് ഉദ്യോഗസ്ഥർ പക്ഷപാതമായി പെരുമാറുന്നുവെന്നും വോട്ടർമാരെ തിരിച്ചറിയാനുള്ള നടപടികൾ സ്വീകരിക്കുന്നില്ലെന്നും ഇത് ചോദ്യം ചെയ്തപ്പോഴാണ് എൽഡിഎഫ് പ്രവർത്തകർ തന്നെ കൈയേറ്റം ശ്രമിച്ചെന്നും യുഡിഎഫ് സ്ഥാനാനാർത്ഥി വി.പി അബ്ദുൾ റഷീദ് പരാതിപ്പെട്ടു. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ 108 ബൂത്തിൽ യുഡിഎഫ് ഏജൻ്റിനെ എല്‍ഡിഎഫ് പ്രവർത്തകർ മർദ്ദിച്ചു. തളിപ്പറമ്പ് 174 വേശാല ബൂത്തിലെ യുഡിഎഫ് ബൂത്ത് ഏജൻ്റിന് നേരെ മുളകുപൊടി എറിഞ്ഞു. ബൂത്ത് ഏജൻ്റ് ഷംസുദ്ദീനിൻ്റെ കണ്ണിലാണ് മുളക് പൊടി എറിഞ്ഞത്.

തളിപ്പറമ്പ് മലപ്പട്ടം 187 A ബൂത്തിലെ യുഡിഎഫ് ബൂത്ത് ഏജൻ്റ് പവിത്രനെ ബൂത്തിൽ നിന്ന് സിപിഎം പ്രവർത്തകർ അടിച്ചോടിച്ചു. അന്നൂർ യുപി സ്കൂൾ ബൂത്ത് 82ൽ യുഡിഎഫ് ബൂത്ത് ഏജൻ്റ് കെ.ടി ഹരീഷ്, തായിനേരി സ്കൂളിലെ ബൂത്ത് 86 ലെ യുഡിഎഫ് ഏജൻ്റ് മുരളി എന്നിവരെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു. കള്ളവോട്ട് തടയാനുള്ള ശ്രമത്തിനിടെയാണ് അതിക്രമം. പയ്യന്നൂർ 105 നമ്പർ ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസർക്ക് മർദ്ദനമേറ്റു. മുഹമ്മദ് അഷ്റഫ് കളത്തിലിനാണ് മർദ്ദനമേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൂത്തിൽ വെച്ച് സിപിഎം പ്രവർത്തകരാണ് മർദ്ദിച്ചത്.

കണ്ണൂർ നിയോജക മണ്ഡലത്തിലെ 73-ാം നമ്പർ ബൂത്തിൽ ഐഡി കാർഡ് മാറി വോട്ട് ചെയ്യാൻ ശ്രമിച്ച ആളെ പൊലീസ് പിടികൂടി. വലിയനൂരിലെ ശശീന്ദ്രനാണ് പിടിയിലായത്. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്റൽ വോട്ട് ചെയ്തതായി മാർക്ക് ചെയ്തതിനെ തുടർന്ന് നിരവധി പേർക്ക് വോട്ട് ചെയ്യാനായില്ല.