കോഴിക്കോട്, കണ്ണൂർ ജില്ലകളെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെ പര്യടനം ; പ്രിയ നേതാവിനെ വരവേറ്റ് ആയിരങ്ങള്‍

Jaihind Webdesk
Saturday, April 3, 2021

 

കോഴിക്കോട്, കണ്ണൂർ ജില്ലകളെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടനം. പ്രചാരണവേദികളില്‍ രൂക്ഷവിമർശനമാണ് കേന്ദ്രത്തിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹം ഉന്നയിച്ചത്.  വിയോജിക്കുന്നവരെ കൊല്ലുന്ന പ്രത്യയ ശാസ്ത്രമാണ് സിപിഎമ്മിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്ക് സിപിഎമ്മിനോട് മൃദു സമീപനമാണ്.  രാജ്യത്ത് വിദ്വേഷവും പകയും വളര്‍ത്താനാണ് അദ്ദേഹത്തിന്‍റെ ശ്രമം.

കോണ്‍ഗ്രസ് മുക്ത ഭാരതം വേണമെന്ന് മോദി എപ്പോഴും പറയുന്നു. എന്നാല്‍ സിപിഎം മുക്തഭാരതം എന്ന് പറയുന്നില്ല. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുന്നതിന്റെ കാരണം ഈ കൂട്ടുകെട്ടാണെന്നും അദ്ദേഹം പുറമേരിയില്‍ പൊതുസമ്മേളനത്തില്‍ പറഞ്ഞു.

കൊയിലാണ്ടിയിലെ ആദ്യപരിപാടിയിലും പുറമേരിയിലെ പൊതുസമ്മേളനത്തിലും സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ  അദ്ദേഹം ആഞ്ഞടിച്ചു. വിയോജിക്കുന്നവരെ കൊല്ലുന്ന പ്രത്യയശാസ്ത്രമാണ് സി.പി.എമ്മിന്റേത്. ടിപി ചന്ദ്രശേഖരനെ ചതിയൻ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. വിധവകളെ ഉണ്ടാക്കുന്ന പ്രത്യയശാസ്ത്രം കേരളത്തിൽ വിജയിക്കില്ലെന്നും സി.പി.എമ്മിന്റെ പകയുടെ ഉദാഹരണമാണ് കെ.കെ രമയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇടതുപക്ഷത്തിന്‍റെ കൊലപാതക രാഷ്ട്രീയത്തിന് ഇരയായായ ആയിരക്കണക്കിന് ആളുകളിൽ ഒരാളുടെ പ്രതിനിധിയാണ് കെ.കെ രമ. എന്നാൽ കോൺഗ്രസ്‌ എല്ലാവരെയും ഒന്നിച്ചു കൊണ്ട് പോകുന്നു. വിധവകളെ സൃഷ്ടിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിനും ഒരിക്കലും വിജയിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കണ്ണൂർ ആലക്കോട്ടേക്ക് അദ്ദേഹം റോഡ് ഷോ നടത്തി. നൂറു കണക്കിന് പ്രവര്ത്തകർ രാഹുൽ ഗാന്ധിയെ  വരവേറ്റു