പത്തനാപുരം : ഇടതുമുന്നണി തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ഗണേഷ് കുമാർ എം.എല്‍.എയും സിപിഐ നേതാക്കളുമായി വാക് പോര്. എൽഡിഎഫ് പത്തനാപുരം തെരഞ്ഞെടുപ്പ് മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റിയിലായിരുന്നു പോർവിളി. കാലുവാരല്‍ സംബന്ധിച്ച പരാമർശത്തിന് പിന്നാലെയായിരുന്നു സംഘർഷം.
സിപിഐ നേതാക്കൾ കാലുവാരൽ നടത്തുന്നതായി പൊതുവേ ആക്ഷേപം ഉണ്ടെന്നും ഇതു മറികടക്കാൻ പത്രസമ്മേളനം വിളിച്ചു നേതാക്കൾ വ്യക്തത വരുത്തണമെന്നും കെ.ബി ഗണേഷ് കുമാർ ആവശ്യപ്പെട്ടു. ഇതോടെ പ്രതിഷേധവുമായി സിപിഐ നേതാക്കള്‍ രംഗത്തെത്തി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം എസ് വേണുഗോപാൽ, മണ്ഡലം സെക്രട്ടറി എം ജിയാസുദ്ദീൻ എന്നിവർ ഗണേഷ് കുമാറിനെ കടന്നാക്രമിച്ചു. അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും ആക്ഷേപം തെളിയിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (ബി) യുടെ നേതൃത്വത്തിലാണ് സിപിഐ സ്ഥാനാർത്ഥികൾക്കെതിരെ വിമതരെ മത്സരിപ്പിക്കുകയും വിമത പ്രവർത്തനം നടത്തുകയും ചെയ്തത്. ഇതു മറന്നിട്ടല്ല എൽഡിഎഫിനു വേണ്ടി പ്രവർത്തിക്കുന്നതെന്നും സിപിഐ നേതാക്കൾ പറഞ്ഞു. ആക്ഷേപം ഉണ്ടായിരുന്നുവെങ്കില്‍ അത് നേതൃതല സ്റ്റിയറിംഗ് കമ്മിറ്റിയിൽ പറയണമായിരുന്നുവെന്നും സിപിഐയെക്കുറിച്ചു മനസിലാക്കാൻ ആർ ബാലകൃഷ്ണപിള്ളയോട് ചോദിക്കണമെന്നും ഇവർ കടുപ്പിച്ചു. അതേസമയം സിപിഎം നേതാക്കള്‍ തർക്കത്തില്‍ ഇടപെട്ടില്ല.