കേരളത്തിൻ്റെ വികസന സങ്കൽപ്പങ്ങൾ യാഥാർത്ഥ്യമാക്കാൻ എന്നും മുന്നിലുണ്ടായിരുന്ന പ്രവാസി മലയാളികളെ അവശ്യ ഘട്ടത്തിൽ അവഗണിക്കുകയും അപമാനിക്കുകയും ചെയ്ത എൽഡിഎഫ് സർക്കാറിനെതിരെയുള്ള ശക്തമായ പ്രതിഷേധമായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മാറുമെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ജോജോ തോമസ്. നൂറ്റാണ്ടുകൾക്ക് ശേഷം ലോകം കണ്ട ഏറ്റവും വലിയ ദുരന്തമായി കൊവിഡ് രോഗവ്യാപനം മാറിയപ്പോൾ അതുണ്ടാക്കിയ ദുരിതത്തിൽ ഏറ്റവും കൂടുതൽ കഷ്ടതയനുഭവിച്ച മറുനാടൻ മലയാളികളെ ശത്രുതയോടെ സമീപിച്ച ഒരേയൊരു സർക്കാർ കേരളത്തിലെ എല്ഡിഎഫ് സർക്കാരാണെന്നും വോട്ടു ചെയ്യാനായി പോകുന്ന ഒരു പ്രവാസിക്കും തങ്ങളുടെ ദുരിതത്തെ ആഘോഷമാക്കി മാറ്റിയ ഈ സർക്കാറിനെ മറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞലോക്ക് ഡൗൺ കാലത്ത് എല്ലാ പ്രവാസി മലയാളികളും ഒട്ടേറെ പ്രയാസങ്ങൾ അനുഭവിച്ചിട്ടുണ്ട്. മറുനാടുകളിൽ അകപ്പെട്ടുപോയവരെ തിരികെ കേരളത്തിൽ എത്തിക്കുവാൻ എൽ.ഡി.എഫ് സർക്കാർ ഒന്നും ചെയ്തിട്ടില്ല എന്നുമാത്രമല്ല കേരളത്തിന് പുറത്തുള്ളവർ കേരളത്തിലേക്ക് വരരുത് എന്ന് കടുംപിടുത്തം പിടിക്കുകയും ചെയ്തു. കേരള സർക്കാർ കൈയൊഴിഞ്ഞ സാഹചര്യത്തിൽ കോൺഗ്രസ് പ്രസ്ഥാനവും യു.ഡി.എഫുമാണ് മറുനാടൻ മലയാളികളുടെ രക്ഷകരായി എത്തിയത്. ഇവരുടെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിച്ചാണ് ഞങ്ങൾക്ക് നിരവധി പേരെ സ്വന്തം നാടുകളിൽ എത്തിക്കാൻ കഴിഞ്ഞത്. കെ.പി.സി.സിയുടെയും, എം.പി.സി.സിയുടെയും ഇടപെടൽ മൂലം മുംബൈയിലെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ എൽ.ടി.ടി കുർളയിൽ നിന്നും ആദ്യത്തെ ശ്രമിക് ട്രെയിനിൽ ഏകദേശം ആയിരത്തി ഇരുനൂറോളം പേരെ നാട്ടിൽ എത്തിക്കാൻ സാധിച്ചു. ഗർഭിണികളെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് കാണിച്ച് കേരളാ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടും അനുകൂല നിലപാട് സ്വീകരിച്ചില്ല. പിന്നീട് 174 ഗർഭിണികളെ സ്വന്തം നിലയിലാണ് നാട്ടിലെത്തിച്ചത്. ലോക്ക് ഡൗൺ കാലത്ത് കേരളത്തിലേക്ക് പോകുവാൻ കഴിയാതെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വൃദ്ധദമ്പതികളും സ്ത്രീകളും അടക്കമുള്ള മലയാളികൾ മുംബൈയിലെ വിവിധ ഹോട്ടലുകളിൽ
ദിവസം പതിനായിരം രൂപ വാടക നൽകി ക്വാറന്റൈനിൽ കഴിയേണ്ടി വന്ന സമയത്ത് അവർക്ക് കേരളാ ഹൗസിൽ താമസ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട സമയത്തും സർക്കാർ ഒരു നടപടികളും സ്വീകരിച്ചില്ലന്ന് ജോജോ തോമസ്
ചൂണ്ടിക്കാട്ടി. നോർക്കയെ നോക്കുകുത്തിയാക്കി പ്രവാസി, മറുനാടൻ മലയാളികളെ നാട്ടിൽ എത്തിക്കുമെന്ന് വാഗ്ദാനം നൽകി രജിസ്റ്റർ ചെയ്യുകയും, ഒരാളെ പോലും നാട്ടിലെത്തിക്കാതെ വഞ്ചിക്കുകയുമാണ് സർക്കാർ ചെയ്തത്.
പ്രവാസികളായ മറുനാടൻ മലയാളികളെ അവഗണിക്കുകയും ദ്രോഹിക്കുകയും ചെയ്ത എൽ.ഡി.എഫ് സർക്കാറിന്റെ നിലപാടിന് തിരിച്ചടി നൽകുന്നതിനും യു.ഡി.എഫിൻ്റെ വിജയത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മഹാരാഷ്ട്രയിലെ മലയാളി കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. യുഡിഎഫിന്റെ പ്രചരണപരിപാടികൾക്ക് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ജോജോ തോമസിൻ്റെ നേത്യത്വത്തിൽ 101 അംഗ ഇലക്ഷൻ പ്രചരണ സമിതി രൂപീകരിക്കുകയും ചിട്ടയായ പ്രവർത്തനങ്ങൾ നടത്തി വരികയും ചെയ്യുന്നു.