പുതുവത്സരത്തില്‍ മലയാളി കുടിച്ചുതീർത്തത് 94.54 കോടിയുടെ മദ്യം; റെക്കോർഡിട്ടത് തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്‌‌ലെറ്റ്

Jaihind Webdesk
Tuesday, January 2, 2024

 

തിരുവനന്തപുരം: പുതുവത്സര ആഘോഷത്തിന് മലയാളി കുടിച്ചത് 94.54 കോടി രൂപയുടെ മദ്യം. ഞായറാഴ്ച റെക്കോര്‍ഡ് മദ്യ വില്‍പനയാണ് ബെവ്‌കോ നടത്തിയത്. ഇതിനു പുറമേ ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ഡിസംബര്‍ 22 മുതല്‍ 31 വരെ ബെവ്‌കോ 543.13 കോടി രൂപയുടെ റെക്കോർഡ് മദ്യവില്പനയും നടത്തി. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്‌‌ലെറ്റാണ് ഇക്കുറി റെക്കോർഡിട്ടത്.

കഴിഞ്ഞ തവണ പുതുവത്സര തലേന്നു വിറ്റത് 93.33 കോടി രൂപയുടെ മദ്യമായിരുന്നുവെങ്കിൽ ബെവ്‌കോ
ഇക്കുറി പുതിയ റെക്കോർഡ് കുറിച്ചു. പുതുവത്സര തലേന്ന് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ഹൗസ് റോഡ് ഔട്ട്‌‌ലെറ്റാണ്. ഇവിടെ 1.02 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. എറണാകുളം രവിപുരത്ത് 77 ലക്ഷം രൂപയുടെയും, ഇരിങ്ങാലക്കുടയിൽ 76 ലക്ഷ രൂപയ്ക്കും, കൊല്ലം ആശ്രാമത്ത് 73 ലക്ഷം രൂപയുടെയും, പയ്യന്നൂരിൽ 71 ലക്ഷം രൂപയ്ക്കുമാണ് പുതുവത്സരാഘോഷത്തിനായി മദ്യം വിറ്റഴിഞ്ഞത്.

ക്രിസ്മസ്-പുതുവത്സര വില്‍പ്പനയില്‍ ഇത്തവണയും ബെവ്‌കോയ്ക്ക് സർവകാല റെക്കോര്‍ഡ് കുറിച്ചു. ഡിസംബര്‍ 22 മുതല്‍ 31 വരെ ബെവ്‌കോ വിറ്റത് 543.13 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം 516.26 കോടി രൂപയുടെ വില്‍പ്പനയായിരുന്നു നടന്നിരുന്നത്. എന്തായാലും മലയാളിയുടെ മദ്യാസക്തിയിൽ കാലിയായ ഖജനാവ് നിറയ്ക്കാൻ കാത്തിരിക്കുന്ന സർക്കാരിന് ആഘോഷരാവുകളിലെ റെക്കോർഡ് മദ്യ വില്‍പ്പന കൈത്താങ്ങായി മാറുകയാണ്.