85,000 ത്തോളം കുട്ടികള്‍ക്ക് സീറ്റില്ല; സഭയില്‍ സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി

Monday, October 11, 2021

തിരുവനന്തപുരം : 85,000 ത്തോളം കുട്ടികൾക്ക് ഇപ്പഴും പ്ലസ് വൺ സീറ്റില്ലെന്ന് സഭയില്‍ തുറന്നുസമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രതിപക്ഷം നിരന്തരമായി വിഷയം കണക്കുകള്‍ സഹിതം നിരത്തിയിട്ടും മന്ത്രി ഇത് ഗൗരവത്തിലെടുക്കാന്‍ തയാറായിരുന്നില്ല. സീറ്റ് മിച്ചം വരുമെന്നായിരുന്നു മന്ത്രിയുടെ ഇതുവരെയുള്ള വാദം. സീറ്റ് ക്ഷാമം പരിഹരിക്കുമെന്ന് മന്ത്രി സഭയെ അറിയിച്ചു.

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികൾ പോലും സീറ്റിനായി നെട്ടോട്ടം ഓടുമ്പോഴും അലോട്ട്മെന്‍റ് തീർന്നാൽ സീറ്റ് മിച്ചം വരുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ ഇതുവരെയുള്ള വാദം. കമ്യൂണിറ്റി ക്വാട്ട, മാനേജ്മെന്‍റ് ക്വാട്ട പ്രവേശനം കഴിഞ്ഞ് 23 ന് ശേഷം താലൂക്ക് അടിസ്ഥാനത്തിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യം പ്രതിപക്ഷം സബ്മിഷനിലൂടെ വീണ്ടും നിയമസഭയില്‍ ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി.  എന്നാല്‍ അടിസ്ഥാനരഹിതമായ കണക്കുകള്‍ ഉന്നയിച്ചുള്ള മറുപടി പൊതുവിദ്യാഭ്യാസമന്ത്രി നല്‍കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. കുട്ടികളെ ബാധിക്കുന്ന പ്രശ്‌നം മൂന്നാം തവണയും നിയമസഭയില്‍ ഉന്നയിച്ചിട്ടും സര്‍ക്കാര്‍ ഗൗരവത്തിലുള്ള സമീപനം സ്വീകരിക്കാത്തിനാലാണ് നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.