85 കാരന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ക്രൂര മർദ്ദനം; ചോദ്യം ചെയ്ത മകള്‍ക്ക് നേരെയും അതിക്രമം

Jaihind Webdesk
Thursday, September 2, 2021

 

കൊല്ലം:  പുത്തൂരിൽ 85 കാരന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ക്രൂര മർദ്ദനം. ഇത് ചോദ്യം ചെയ്ത വയോധികന്‍റെ മകൾക്ക് നേരേയും ബ്രാഞ്ച് സെക്രട്ടറിയായ സുമേഷ് അതിക്രമം കാട്ടി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

പരസ്പര ജാമ്യത്തിൽ സഹകര ബാങ്കിൽ നിന്നും എടുത്ത വായ്പയുമായി ബന്ധപ്പെട്ട തർക്കത്തിലാണ് കടത്തിണ്ണയിലിരുന്ന വൃദ്ധനെ കൊട്ടാരക്കര വെണ്ടാർ തെക്ക് ബ്രാഞ്ച് സെക്രട്ടറി എസ് സുമേഷ് മർദ്ദിച്ചത് . 85 കാരനായ സോമനെ   ഇയാൾ ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്യുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇത് ചോദ്യം ചെയ്ത വയോധികന്‍റെ മകൾക്ക് നേരേയും ബ്രാഞ്ച് സെക്രട്ടറി അതിക്രമം നടത്തി. തന്നെ പിടിച്ച് തള്ളുകയും വസ്ത്രം വലിച്ച് കീറുകയും അസഭ്യം പറയുകയും ചെയ്തതായി വയോധികന്‍റെ മകൾ പറഞ്ഞു.

സംഭവത്തെ തുടർന്ന് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തെങ്കിലും നിസാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം നടത്തണം എന്ന ആവശ്യമുയരുകയാണ്. സംഭവം വിവാദമായതിന് പിന്നാലെ ഇയാളെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കി.