ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം : എട്ട് പേർ അറസ്റ്റില്‍ ; ആലപ്പുഴയില്‍ ബിജെപി ഹർത്താല്‍

Jaihind News Bureau
Thursday, February 25, 2021

 

ആലപ്പുഴ : വയലാറിലെ നാഗംകുളങ്ങരയിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദുവിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേർ അറസ്റ്റിൽ. എസ്.ഡി.പി.ഐ പ്രവർത്തകരാണ് അറസ്റ്റിലായത്. കേസിൽ 25 ലധികം പേർ പ്രതികളാകും എന്നാണ് വിവരം. നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരാണ് അറസ്റ്റിലായതെന്നാണ് സൂചന. കൂടുതൽ പേരുടെ അറസ്റ്റ് അടുത്ത മണിക്കൂറുകളിൽ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിക്കുന്നത്. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ് കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട് വടിവാളുകൾ സ്ഥലത്തു നിന്നും കണ്ടെത്തി.

എസ്.ഡി.പി.ഐ – ആർ.എസ്.എസ് സംഘർഷത്തിലാണ് ആർ.എസ്.എസ് പ്രവർത്തകൻ നന്ദു ഇന്നലെ കൊല്ലപ്പെട്ടത്. വയലാർ നാഗംകുളങ്ങര കവലയിൽ വെച്ചാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. 3 ആർ.എസ്.എസ് പ്രവർത്തകർക്കും മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്കും വെട്ടേറ്റിട്ടുണ്ട് . പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൽ ഖാദർ, ചേർത്തല സ്വദേശികളായ അൻസിൽ, സുനീർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

എസ്.ഡി.പി.ഐ പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾക്ക് വേണ്ടി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ജാഥയ്ക്ക് നേരെ ആർ.എസ്.എസ് ആസൂത്രിതമായി അക്രമം നടത്തുകയായിരുന്നു എന്നാണ് എസ്.ഡി.പി.ഐ നേതാക്കളുടെ പ്രതികരണം. ബി.ജെ.പി ഇന്ന് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.