ഉത്തരാഖണ്ഡില്‍ ടെംപോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 12 പേർ മരിച്ചു, 14 പേർക്ക് പരുക്ക്

Jaihind Webdesk
Saturday, June 15, 2024

 

ഉത്തരാഖണ്ഡ്/ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ ടെംപോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍  12 പേർ കൊല്ലപ്പെട്ടു. അപകടത്തില്‍ 14 പേർക്ക് പരുക്കേൽക്കുകയും  ചെയ്തു. രുദ്രപ്രയാഗ് ജില്ലയിലെ റൈതോലി മേഖലയിലാണ് അപകടം നടന്നത്. മരിച്ച 12 പേരിൽ ആറ് പേരും സ്ത്രീകളാണെന്നാണ് സൂചന.

സംഭവത്തില്‍ നാല് യാത്രക്കാരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം അവരെ ഹെലികോപ്റ്ററിൽ എയിംസ് ഋഷികേശിലേക്ക് മാറ്റിയെന്നും അറിയിച്ചു. 10 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബദരീനാഥ് റൂട്ടിൽ രുദ്രപ്രയാഗിൽ നിന്ന് 5 കിലോമീറ്റർ അകലെ റൈറ്റോലിയിലായിരുന്നു അപകടം. ഹരിയാന രജിസ്ട്രേഷൻ നമ്പറിലുള്ള വാഹനം വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഡല്‍ഹിയിൽ നിന്ന് പുറപ്പെട്ട് ചോപ്തയിലേക്കും ഉഖിമഠിലേക്കും പോകുകയായിരുന്നു. യാത്രക്കാർ തീർഥാടകരാണോ അതോ വിനോദസഞ്ചാരികളാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. അപകടത്തിന്‍റെ കാരണംവ്യക്തമായിട്ടില്ല.  വാഹനത്തിൽ 26 പേരുണ്ടായിരുന്നതായാണ് സൂചന.