പ്രളയത്തില്‍ മുങ്ങി പഞ്ചാബും ഹരിയാനയും; കനത്ത മഴ തുടരുന്നു

ഹിമാചൽ പ്രദേശിലും പഞ്ചാബിലും കനത്തമഴ തുടരുന്നു. മഴക്കെടുതിയിൽ 13 ലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. ഹിമാചലിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായതിനെ തുടർന്ന് മലയാളികൾ ഉൾപ്പെടെ നിരവധി വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്.

കുളുവിൽ 121 മില്ലിമീറ്ററും കാൻഗ്രയിൽ 120 മില്ലിമീറ്ററും മഴ പെയ്തതായാണ് കണക്കുകൾ.
കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനാൽ പലയിടങ്ങളിലും രക്ഷാപ്രവർത്തനം പൂർണമായും ആരംഭിക്കാനായിട്ടില്ല. രക്ഷാ പ്രവർത്തനങ്ങൾക്ക് സൈന്യമാണ് നേതൃത്വം നൽകുന്നത്. ഹിമാചലിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. റോഡുകളും പാലങ്ങളും ഒലിച്ചുപോയതിനാൽ മണാലി പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് ചണ്ഡീഗഢ് മണാലി ഹൈവേയിലെ ഗതാഗതം പൂർണമായും നിലച്ചു. കുളു, മണാലിയിൽ മൂന്നു പാലങ്ങൾ ഒലിച്ചുപോയി. മണാലിയില്‍ ബിയാസ് നദിയില്‍ ഒഴുക്കില്‍പ്പെട്ട് ബസ് ഒലിച്ചുപോയി.

ദിവസങ്ങളായി തുടരുന്ന മഴയെതുടർന്ന് ഏക്കറോളം കൃഷി നശിച്ചു. ഷിംല, കാൻഗ്ര, കുളു, സിർമൗർ, കിന്നൗർ, സൊലാൻ, ഹാമിർപൂർ, ചമ്പ, മാണ്ഡി തുടങ്ങി12 ജില്ലകളിൽ എല്ലാ വിദ്യാസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഹരിദ്വാർ,
ഡെറാഡൂൺ, നൈനിറ്റാൾ, പൗരി എന്നിവിടങ്ങളിലും ജാഗ്രതാ നിർദേശമുണ്ട്. അടുത്ത 24 മണിക്കൂറിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു. മഴ ശക്തമായതോടെ പഞ്ചാബ്, ഹിമാചൽ പ്രദേശ്, സംസ്ഥാനങ്ങളിൽ സർക്കാർ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Floodspunjabhimachal pradesh
Comments (0)
Add Comment