‘മുട്ടാപ്പോക്ക് പറഞ്ഞ് കൈകഴുകാൻ നോക്കേണ്ട, മറുപടി പറഞ്ഞേ മതിയാകൂ’; മുഖ്യമന്ത്രിയോട് വി.ടി ബല്‍റാം

Jaihind News Bureau
Tuesday, July 7, 2020

 

സ്വന്തം ഓഫീസ് കള്ളക്കടത്തുകാരുടേയും സ്ഥാപിത താത്പര്യക്കാരുടേയും അഭയകേന്ദ്രമായി മാറിയതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞേ മതിയാകൂവെന്ന് വി.ടി ബല്‍റാം എംഎല്‍എ. എം ശിവശങ്കർ  ഐ.ടി സെക്രട്ടറി മാത്രമല്ല . ആ പദവിക്ക് പുറമേ മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന ചുമതല കൂടി  വഹിക്കുന്നുണ്ട്.മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ചുമതലക്കാരൻ കൂടിയായ പ്രധാന ഉദ്യോഗസ്ഥനാണ് ശിവശങ്കർ. അതാണയാളെ ഈ ഭരണത്തിൽ കരുത്തനാക്കുന്നതെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.  അതുകൊണ്ടുതന്നെ ഐ.ടി വകുപ്പിലെ ഏതോ താത്കാലിക ഉദ്യോഗസ്ഥ കള്ളക്കടത്ത് നടത്തി, അവരെ എങ്ങനെയാണ് നിയമിച്ചതെന്ന് തനിക്കറിയില്ല, അവരെ പിരിച്ചുവിട്ടു കഴിഞ്ഞു എന്നൊക്കെ മുട്ടാപ്പോക്ക് പറഞ്ഞ് കൈകഴുകാൻ പതിവുപോലെ പിണറായി വിജയന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

പൊതുഭരണം, അഖിലേന്ത്യാ സർവ്വീസസ് ആസൂത്രണവും സാമ്പത്തിക കാര്യങ്ങളും, ശാസ്ത്രം, സാങ്കേതികവിദ്യ, പരിസ്ഥിതി
ശാസ്ത്ര സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ, ഭരണപരിഷ്ക്കാരം,  തെരഞ്ഞെടുപ്പ് ഏകോപനം, സൈനികരുടെ ക്ഷേമം, ദുരന്ത നിവാരണം, ഔദ്യോഗിക ആതിഥേയത്വം വിമാനത്താവളങ്ങൾ, മെട്രോ റയിൽ, അന്തർ സംസ്ഥാന നദീജല വിഷയങ്ങൾ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ്, പ്രവാസികാര്യം, ആഭ്യന്തരം, വിജിലൻസ്, സിവിൽ, ക്രിമിനൽ നീതി പരിപാലനം

ഇങ്ങനെ നിരവധി വകുപ്പുകളുടെ ചുമതലയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. അവയിൽ പലതിനും പ്രത്യേകമായിത്തന്നെ ഐഎഎസുകാരായ സെക്രട്ടറിമാരും ഉണ്ട്. പറഞ്ഞു വന്നത്, എം ശിവശങ്കർ എന്നയാൾ ഐടി സെക്രട്ടറി മാത്രമല്ല എന്നതാണ്. ആ പദവിക്ക് പുറമേ മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന ചുമതല കൂടി ശിവശങ്കർ വഹിക്കുന്നുണ്ട്. അതായത് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ചുമതലക്കാരൻ കൂടിയായ പ്രധാന ഉദ്യോഗസ്ഥനാണ് ശിവശങ്കർ. അതാണയാളെ ഈ ഭരണത്തിൽ കരുത്തനാക്കുന്നത്. അയാളുടെ ഇടപെടലുകളും മുഖ്യമന്ത്രിക്ക് കീഴിലെ നിരവധി വകുപ്പുകളിലൊന്നിൻ്റെ സെക്രട്ടറി എന്ന നിലക്ക് മാത്രമല്ല.

മുൻപ് പല തവണ നമ്മളത് കണ്ടതാണ്. ആരോഗ്യ വകുപ്പ് ആവശ്യപ്പെടാതെ, നിയമവകുപ്പ് അറിയാതെ, ധനകാര്യവകുപ്പ് പരിശോധിക്കാതെ സ്പ്രിങ്ക്ലറുമായുളള കരാർ ഐടി വകുപ്പ് ഉണ്ടാക്കിയത് ഐടി സെക്രട്ടറി എന്ന നിലയിലുള്ള പരിമിതമായ പ്രവർത്തന സ്വാതന്ത്ര്യം മാത്രം ഉപയോഗിച്ചല്ല, മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന നിലയിൽ എല്ലാ വകുപ്പിനും മുകളിലുള്ള നിയന്ത്രണാധികാരം ഉപയോഗിച്ചാണ്.

ഇപ്പോഴത്തെ ഗുരുതരമായ ആരോപണം കള്ളക്കടത്തുകാരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതർ ഇടപെട്ടു എന്നതാണ്. വിമാനത്താവളവും സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റിയും ആഭ്യന്തരവുമൊക്കെ മുഖ്യമന്ത്രിക്ക് കീഴിലെ വകുപ്പുകളാണെന്നോർക്കുക

അതുകൊണ്ടുതന്നെ, ഐടി വകുപ്പിലെ ഏതോ താത്കാലിക ഉദ്യോഗസ്ഥ കള്ളക്കടത്ത് നടത്തി, അവരെ എങ്ങനെയാണ് നിയമിച്ചതെന്ന് തനിക്കറിയില്ല, അവരെ പിരിച്ചുവിട്ടു കഴിഞ്ഞു എന്നൊക്കെ മുട്ടാപ്പോക്ക് പറഞ്ഞ് കൈകഴുകാൻ പതിവുപോലെ പിണറായി വിജയന് സാധിക്കില്ല. കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെയും മറ്റ് സ്ഥാപിത താത്പര്യക്കാരുടേയും അഭയകേന്ദ്രമായി മാറിയതിന് പിണറായി വിജയൻ മറുപടി പറഞ്ഞേ മതിയാകൂ.