74 ാം റിപ്പബ്ലിക്ക് ദിനം; സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികള്‍

Jaihind Webdesk
Thursday, January 26, 2023

തിരുവനന്തപുരം: 74 ാം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികൾ നടന്നു. വിവിധ ജില്ലകളിൽ മന്ത്രിമാർ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. 11 സായുധ സേന വിഭാഗങ്ങളും 11 സായുധേതര വിഭാഗങ്ങളും പരേഡിൽ അണിനിരന്നു. കര, നാവിക , വ്യോമസേനാ വിഭാഗങ്ങളും പോലിസ് , എക്സൈസ്, ഫയർഫോഴ്സ്, വനം, ജയിൽ വകുപ്പുകളുടെ പ്ലറ്റ്യൂണുകളും പരേഡിൽ അണിനിരന്നു. കർണ്ണാട, കേരള പോലീസുകളുടെ വനിതാ പ്ലറ്റ്യൂണുകളും , എന്‍സിസി , സ്കൗട്ട്, സ്റ്റുഡൻസ് പോലിസ് , അശ്വരൂഢ സേനാ വിഭാഗങ്ങളും പരേഡിന് മാറ്റ് കൂട്ടി.

മുഖ്യമന്ത്രി, മന്ത്രിമാർ , ചീഫ് സെക്രട്ടറി, ഡിജിപി, വിവിധ ജന പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.

കോട്ടയം ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിലാണ് നടന്നത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് തുടങ്ങിയവർ പങ്കെടുത്തു. പോലീസ്, എക്സൈസ്, വനം വകുപ്പ്, എൻ.സി.സി., എസ്.പി.സി, സ്‌കൗട്ടുകൾ, ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്, ബാൻഡ് പ്ലറ്റ്യൂണുകൾ ഉൾപ്പെടെ 23 പ്ലറ്റ്യൂണുകൾ പരേഡിൽ പങ്കെടുത്തു.

തൃശൂർ തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ റവന്യു മന്ത്രി കെ. രാജൻ പതാക ഉയർത്തി. 23 പ്ലറ്റ്യൂണുകൾ പരേഡിൽ അണിനിരന്നു. തുടർന്ന് പരേഡില്‍ പങ്കെടുത്ത  ശേഷം മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നൽകി.

മലപ്പുറം എം എസ് പി മൈതാനത്ത് മന്ത്രി കൃഷ്ണൻകുട്ടി ദേശീയപതാക ഉയർത്തി.  സിവിൽ സ്റ്റേഷനുള്ളിലെ യുദ്ധ സ്മാരകത്തിൽ മന്ത്രി പുഷ്പചക്രം അർപ്പിച്ചു. പതാക ഉയര്‍ത്തിയ ശേഷം വിശിഷ്ടാതിഥി വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. എം.എസ്.പി അസി. കമാന്‍ഡന്റ് പി.എ കുഞ്ഞുമോന്‍ പരേഡിന് നേതൃത്വം നല്‍കി. എം.എസ്.പി, പ്രാദേശിക പൊലീസ്, സായുധ റിസര്‍വ് പൊലീസ്, എക്‌സൈസ്, വനിതാ പൊലീസ്, തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നായി 30 പ്ലറ്റൂണുകൾ പരേഡില്‍ പങ്കെടുത്തു.

കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന 74ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പട്ടികജാതി-പട്ടികവർഗ ക്ഷേമ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. പോലീസിന്‍റെ  നാലും  ജയിൽ, എക്‌സൈസ്, എൻസിസി, എസ്പിസി, ജൂനിയർ റെഡ് ക്രോസ് എന്നിവയും ഉൾപ്പെടെ 36 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. ചക്കരക്കൽ പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി പരേഡ് കമാൻഡറായിരുന്നു.