ആലപ്പുഴ: കേരളത്തിന്റെ ജലമാമാങ്കമായ 71-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. പുന്നമടക്കായലിന്റെ ഓളങ്ങളെ കീറിമുറിച്ച് വിജയകിരീടം ചൂടുന്ന ചുണ്ടന് ഏതാണെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വൈകുന്നേരം അഞ്ച് മണിയോടെ വിജയിയെ പ്രഖ്യാപിക്കും.
പുന്നമടയുടെ മടിത്തട്ടില്‍ പിറന്നുവീണ നെഹ്റു ട്രോഫി ജലമേളയ്ക്കായി കേരളം ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇത്തവണയും പതിവ് തെറ്റിക്കാതെ മത്സരം കനത്ത പോരാട്ടമാവുമെന്നാണ് വള്ളംകളി പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ട് ഫൈനലില്‍ എത്തി കപ്പുയര്‍ത്താന്‍ കേരളത്തിലെ പ്രമുഖ ചുണ്ടന് വള്ളങ്ങളായ മേപ്പാടം വലിയ ദിവാഞ്ചി, കാരിച്ചാല്‍, നടുഭാഗം, ജവഹര്‍ തായങ്കരി, ചെറുതന, ചമ്പക്കുളം, തലവടി എന്നിവയെല്ലാം കച്ചമുറുക്കിയിട്ടുണ്ട്.
വള്ളംകളിക്കായി കുറ്റമറ്റ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ട്രോഫി ബോട്ട് റേസ് കമ്മിറ്റി ഒഫീഷ്യല്‍സുകളായ കെ.കെ. ഷാജുവും കുറുപ്പും അറിയിച്ചു. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ ആളുകളെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. നാല് ലക്ഷത്തോളം കാണികള്‍ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ 40 ദിവസത്തിലധികമായി പരിശീലനം നടത്തിയ ചുണ്ടന് വള്ളങ്ങളും തുഴച്ചില്‍ക്കാരും ഇന്നലെ വിശ്രമത്തിലായിരുന്നു. രാവിലെ മുതല്‍ വള്ളങ്ങള്‍ വീണ്ടും നീറ്റിലിറക്കി.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് 1952 ഡിസംബര്‍ 27-ന് ആലപ്പുഴയില്‍ നടന്ന പ്രത്യേക വള്ളംകളി മത്സരത്തോടെയാണ് നെഹ്റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. ആവേശകരമായ മത്സരം വീക്ഷിച്ച നെഹ്റു, സുരക്ഷാ ക്രമീകരണങ്ങള്‍ അവഗണിച്ച് വിജയികളായ നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി ആഹ്ലാദം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായി കണക്കാക്കിയ വള്ളംകളി പ്രേമികള്‍ നെഹ്റുവിനെ ചുണ്ടന് വള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചി വരെ അനുഗമിച്ചു. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നെഹ്റുവിനൊപ്പം ആ വള്ളംകളിയില്‍ ഉണ്ടായിരുന്നു.
ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം നെഹ്റു തന്റെ കൈയൊപ്പോടുകൂടി വെള്ളിയില്‍ തീര്‍ത്ത ചുണ്ടന് വള്ളത്തിന്റെ മാതൃക അയച്ചുകൊടുത്തു. ഈ മാതൃകയാണ് നെഹ്റു ട്രോഫി എന്ന പേരില്‍ പിന്നീട് വിജയികള്‍ക്ക് നല്‍കിയത്. തുടക്കത്തില്‍ ‘പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി വള്ളംകളി’ എന്നറിയപ്പെട്ടിരുന്ന ഈ മത്സരം, 1969 ജൂണ്‍ ഒന്നിന് ചേര്‍ന്ന വള്ളംകളി സമിതി നെഹ്റുവിനോടുള്ള ആദരസൂചകമായി ‘നെഹ്റു ട്രോഫി വള്ളംകളി’ എന്ന് പുനര്‍നാമകരണം ചെയ്തു. വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്ന ഈ ജലോത്സവം കാണാന്‍ ആവേശത്തോടെ കാത്തിരിക്കുന്നവര്‍ ഏറെയാണ്.