ടുണിഷ്യൻ തീരത്ത് ബോട്ട് മുങ്ങി 70 പേർ മരിച്ചു; മുങ്ങിയത് കുടിയേറ്റ കർഷകർ സഞ്ചരിച്ച ബോട്ട്

Jaihind Webdesk
Saturday, May 11, 2019

നോർത്ത് ആഫ്രിക്കയിലെ ടുണിഷ്യൻ തീരത്ത് ബോട്ട് മുങ്ങി 70 കുടിയേറ്റക്കാർ മരിച്ചു. ടുണീഷ്യയുടെ തലസ്ഥാന നഗരമായ ടൂണിസിൽ നിന്ന് 40 മൈൽ അകലെയാണ് ബോട്ട് മുങ്ങിയതെന്നാണ് റിപ്പോർട്ട്.  സാർസിസ് തീരത്തുനിന്ന് 16 പേരെ ടൂണിസ് നാവികസേന രക്ഷപ്പെടുത്തിയതായി യുഎൻ അഭയാര്‍ത്ഥി ഏജൻസിയായ യുഎൻഎച്ച്സിആർ അറിയിച്ചു.

ലിബിയയിൽ നിന്നും യൂറോപ്പിലേക്ക് പോകുകയായിരുന്ന കുടിയേറ്റ കർഷകർ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. മെഡിറ്ററേനിയൻ കടൽ കടന്ന് അനധികൃതമായി യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.  ഏറെ കാലമായി അനധികൃതമായി യൂറോപ്പിലേയ്ക്ക് കടക്കുന്നവരുടെ ഒരു പോയിന്‍റായി ലിബിയ മാറിയിട്ടുണ്ട്.

വ്യാഴാഴ്ചയാണ് ലിബിയയിലെ സുവാരയില്‍ നിന്ന് സംഘം യാത്ര പുറപ്പെട്ടത്. കനത്ത തിരമാലകളില്‍ പെട്ടാണ് അപകടം ഉണ്ടായതെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. ഈ വര്‍ഷത്തെ ഏറ്റവും വലിയ അപകടമായാണ് ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.  കഴിഞ്ഞ 4 മാസത്തിനിടെ ഉണ്ടായ വിവിധ അപകടങ്ങളിലായി 164 കുടിയേറ്റക്കാർക്ക് ലിബിയയില്‍ നിന്നും യൂറോപ്പിലേയ്ക്കുള്ള വഴി മധ്യേ  ജീവന്‍ നഷ്ടപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.