കാറിടിച്ച് പരിക്കേറ്റ കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് ഉടമ കടന്നുകളഞ്ഞു; ചികിത്സ വൈകി; കുട്ടി മരിച്ചു

Jaihind News Bureau
Friday, December 13, 2019

പാലക്കാട് കാറിടിച്ച് പരിക്കേറ്റ കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് അപടമുണ്ടാക്കിയ കാറുടമ കടന്നുകളഞ്ഞു. ചികിത്സ വൈകിയതിനെത്തുടര്‍ന്ന് കുട്ടി മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി അഷ്റഫിന്‍റേതാണ് വാഹനം. വാഹനത്തിന്‍റെ ഡ്രൈവര്‍ നാസറിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. നല്ലേപ്പള്ളി സ്വദേശി സുദേവന്‍റെ മകൻ സുജിത്താണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അമിത വേഗത്തിലായിരുന്നു വാഹനമെന്ന് നാട്ടുകാര്‍ പറഞ്ഞു.

കുട്ടിയെ ആശുപത്രിയിലേയ്ക്ക് എത്തിക്കാനായി വാഹനത്തില്‍ കൊണ്ടുപോയെങ്കിലും വഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കാറിന്‍റെ ടയർ പഞ്ചറായെന്ന് പറഞ്ഞാണ് കാറിലുണ്ടായിരുന്നവർ കുട്ടിയെ വഴിയിൽ ഇറക്കിയത്. മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറരയോടെ കുട്ടി മരിച്ചു.

ചികിത്സ നൽകാൻ നിൽക്കാതെ കാർ യാത്രക്കാർ രക്ഷപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.