കല്ലേക്കാട് എ.ആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ കുമാറിന്റെ മരണത്തിൽ ഏഴ് പോലീസുകാർക്ക് സസ്പെൻഷൻ. രണ്ട് എ.എസ്.ഐമാർ ഉൾപ്പെടെ ഏഴ് പേർക്കാണ് സസ്പെൻഷൻ. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും, ജാതിയ പീഡനം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പാലക്കാട് ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം പറഞ്ഞു. അതേസമയം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കല്ലേക്കാട് എ.ആർ ക്യാമ്പ് സന്ദർശിച്ച എസ്.സി-എസ്.ടി കമ്മീഷൻ അംഗവും വ്യക്തമാക്കി.
മുഹമ്മദ് ആസാദ്, ശ്രീജിത്ത്, റഫീഖ്, ഹരിഗോവിന്ദ്, മഹേഷ്, ജയേഷ്, വൈശാഖ് എന്നീ പൊലീസുകാരെയാണ് വകുപ്പുതല നടപടിയുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്തത്. കുമാറിനെ ജാതീയമായി ആക്ഷേപിച്ചു, സഹപ്രവര്‍ത്തകര്‍ മര്‍ദിച്ചു തുടങ്ങിയ ആരോപണങ്ങള്‍ സംബന്ധിച്ച് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്ന് എസ്.പി പറഞ്ഞു. കുടുംബാംഗങ്ങളുടെ പരാതിയില്‍ വിശദമായ അന്വേഷണത്തിന് ശേഷം കൃത്യമായ നടപടികള്‍ ഉണ്ടാവുമെന്നും എസ്.പി അറിയിച്ചു.