ഗോവയിലെ ദേവീ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 7 പേര്‍ക്ക് ദാരുണാന്ത്യം

Jaihind News Bureau
Saturday, May 3, 2025

ഗോവയിലെ ഷിര്‍ഗാവോയില്‍ ദേവി ക്ഷേത്രത്തില്‍ ശ്രീ ലൈരായ് സത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 പേര്‍ക്ക് ദാരുണാന്ത്യം. അമ്പതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഗോവ മെഡിക്കല്‍ കോളേജിലും മാപുസയിലെ നോര്‍ത്ത് ഗോവ ജില്ലാ ആശുപത്രിയിലും പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ആരംഭിച്ച സത്ര യാത്രയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ എത്തിയിരുന്നു. ആയിരക്കണക്കിന് ഭക്തര്‍ കത്തുന്ന തീക്കനലുകളിലൂടെ നഗ്‌നപാദരായി നടക്കുന്നതാണ് സത്രയുടെ പ്രത്യേകത. ഇന്ന് പുലര്‍ച്ചയോടെ ക്ഷേത്രത്തില്‍ ഉണ്ടായ തിരക്കിനു പിന്നാലെ 7 പേര്‍ മരിക്കുകയായിരുന്നു. ആറ് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയില്‍ എത്തിച്ചിട്ടാണ് മരിച്ചത്. എങ്ങനെ തിരക്കുണ്ടായി, ഇത്തരമൊരു അപകടത്തിലേക്ക് എങ്ങനെ എത്തി എന്നതടക്കം അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

വെള്ളിയാഴ്ചയായിരുന്നു സത്ര ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുനിന്നും ഉള്ള ഭക്തര്‍ സത്രയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഇന്ന് പുലര്‍ച്ചയോടെ ക്ഷേത്രത്തില്‍ വലിയ തിരക്ക് അനുഭവപ്പെടുകയും, പിന്നാലെ ഉന്തിലും തള്ളിലുമാണ് അപകട മരണമുണ്ടാകുന്നത്.