സിവില്‍ സർവീസ് പരീക്ഷയില്‍ 68-ാം റാങ്ക്; മാർ ഇവാനിയോസില്‍ പൂർവ വിദ്യാർത്ഥിക്ക് ആദരം

Friday, June 7, 2024

 

തിരുവനന്തപുരം: മാർ ഇവാനിയോസ് കോളേജ് ഇംഗ്ലീഷ് വിഭാഗം പൂർവ വിദ്യാർത്ഥിയും ആൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ 68-ാം റാങ്ക് ജേതാവുമായ കസ്തൂരി ഷാ ഐഎഎസിനെ ആദരിച്ചു. മാർ ഇവാനിയോസ് കോളേജിൽ ഇംഗ്ലീഷ് വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. തുടർന്ന് കോളേജ് വിദ്യാർത്ഥികളുമായി കസ്തൂരി ഷാ സംവദിച്ചു.

മാർ ഗ്രിഗോറിയസ് ഹാളിൽ ഇന്ന് രാവിലെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ ഡോ. മീര ജോർജ് അധ്യക്ഷത വഹിച്ചു. കോളേജ് ബർസർ ഫാദർ തോമസ് കയ്യാലക്കൽ, സർവോദയ സ്കൂൾ പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഷേർളി സ്റ്റുവർട്ട് , കോളേജ് ഡീൻ ഫാ. ജിജി തോമസ്, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. റെനി സ്കറിയ എന്നിവർ ആശംസ നേരുകയും ചെയ്തു.

തുടർന്ന് വിദ്യാർത്ഥികളുമായി കസ്തൂരി ഷാ നടത്തിയ സംവാദം സിവിൽ സർവീസ് മേഖലയിലെ തൊഴിൽ സാധ്യതകൾ, പരീക്ഷയ് ക്കായി നടത്തേണ്ടുന്ന തയാറെടുപ്പുകൾ, അഭിമുഖം , ചർച്ചകൾ എന്നിവയ്ക്കായുള്ള നിരന്തര പരിശീലനം എന്നിവയുടെ പ്രാധാന്യം എന്നിങ്ങനെ സുപ്രധാനമായ മേഖലകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു. സിവിൽ സർവീസ് മേഖലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ പ്രചോദനം നല്‍കുന്നതായിരുന്നു സംവാദ പരിപാടി.