പാചക കലയിൽ ലോക റെക്കോർഡ് നേടി വ്യത്യസ്തയാവുകയാണ് സരസ്വതി വിശ്വനാഥൻ

Jaihind News Bureau
Monday, July 29, 2019

പാചക കലയിൽ ലോക റെക്കോർഡ് നേടി വ്യത്യസ്തയാവുകയാണ് തൃശ്ശൂർ സ്വദേശിയായ സരസ്വതി വിശ്വനാഥൻ എന്ന വീട്ടമ്മ. ഒരു മണിക്കൂറിനുള്ളിൽ 108 വിഭവങ്ങൾ തയാറാക്കിയാണ് യൂണിവേഴ്സൽ അച്ചീവേഴ്സ് ബുക്ക് ഓഫ് റെക്കോർഡ് തുടങ്ങിയവ കരസ്ഥമാക്കിയത്.

ഒരു മണിക്കൂറിനുള്ളിൽ 108 വെജിറ്റേറിയൻ വിഭവങ്ങൾ തയാറാക്കിയാണ് തൃശ്ശൂർ കോട്ടപ്പുറം സ്വദേശിയായ സരസ്വതി വിശ്വനാഥൻ എന്ന വീട്ടമ്മ, പാചകത്തിൽ ലോക റെക്കോർഡ് കരസ്ഥമാക്കിയത്. ഒരു മണിക്കൂർ സമയത്തിനുള്ളിൽ 75 വിഭവങ്ങൾ തയാറാക്കാനാണ് യൂണിവേഴ്സൽ ബുക്ക് ഓഫ് അച്ചീവേഴ്സ് റെക്കോർഡ് പ്രതിനിധികൾ ആവശ്യപ്പെട്ടത് എന്നാൽ 75 എന്ന കടമ്പ കടന്ന് ഒരു മണിക്കൂറിനുള്ളിൽ 108 വിഭങ്ങളാണ് സരസ്വതി തയ്യാറാക്കിയത്.

20 തരം ഇഡ്ഡലി, എട്ടുതരം പുട്ട്, രണ്ട് തരം പായസം, കേസരി, രണ്ടുതരം ഉപ്പുമാവ്, 13 തരം ദോശ, നാല് ഇനം സൂപ്പ്, രണ്ടുതരം പാസ്ത, മൂന്നുതരം പുലാവ്, ആറുതരം കേക്ക്, 13 തരം മിൽക്ക് ഷേക്ക്, ഏഴുതരം ജ്യൂസ്, 21 തരം സ്നാക്സ്, മൂന്നുതരം ചായ തുടങ്ങിയവയാണ് റെക്കോർഡ് സമയത്തിനുള്ളിൽ തയ്യാറായ വിഭവങ്ങൾ. യൂണിവേഴ്സൽ ബു്ക്ക ഓഫ് അച്ചീവേഴ്സ് റെക്കോർസ് കൂടാതെ ഫ്യൂച്ചർ കലാം ബുക്ക് ഓഫ് റെക്കോർഡും സരസ്വതിക്ക് ലഭിച്ചിട്ടുണ്ട്. പാചക കലയിലെ വൈവിധ്യത്തിന് തമിഴ് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ് സരസ്വതിയെ തേടിയെത്തിയിട്ടുണ്ട്.