RAJASTHAN| രാജസ്ഥാനിലെ ഝലവാറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് 6 വിദ്യാര്‍ത്ഥികള്‍ മരിച്ചു; 15 പേര്‍ക്ക് പരിക്ക്

Jaihind News Bureau
Friday, July 25, 2025

ഝലവാര്‍: രാജസ്ഥാനിലെ ഝലവാര്‍ ജില്ലയിലെ പിപ്ലോദി ഗ്രാമത്തില്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ പ്രാര്‍ത്ഥനയ്ക്കായി വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയ സമയത്താണ് ദുരന്തം സംഭവിച്ചത്.

പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും കൂടുതല്‍ കുട്ടികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കപ്പെടുന്നതായും അധികൃതര്‍ അറിയിച്ചു. വിവരമറിഞ്ഞയുടന്‍ പോലീസ്, ജില്ലാ ഭരണകൂടം, ദുരന്ത നിവാരണ സേന എന്നിവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ജെ.സി.ബി. യന്ത്രങ്ങള്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

അപകടത്തില്‍പ്പെട്ട കുട്ടികളെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ കൂടുതല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി ഝലവാര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്‌കൂള്‍ കെട്ടിടത്തിന് പഴക്കമുണ്ടെന്നും അപകടാവസ്ഥയിലുമായിരുന്നുവെന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്‌കൂള്‍ അധികൃതരുടെയും ജില്ലാ ഭരണകൂടത്തിന്റെയും അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉള്‍പ്പെടെയുള്ള പ്രമുഖരും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.