ചാരപ്രവര്‍ത്തിക്ക് യൂട്യൂബറടക്കം 6 പേര്‍ പിടിയില്‍; ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങളടക്കമുള്ള വിവരങ്ങള്‍ കൈമാറി

Jaihind News Bureau
Saturday, May 17, 2025

പാകിസ്ഥാന് നിര്‍ണായക വിവരങ്ങള്‍ കൈമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യൂട്യൂബറടക്കം 6 പേര്‍ പിടിയില്‍. പിടിയിലായവരില്‍ ഒരാള്‍ വിദ്യാര്‍ത്ഥിയാണ്. ജ്യോതി മല്‍ഹോത്ര, ഗുസാല, യമീന്‍ മുഹമ്മദ്, ദിവേന്ദര്‍ സിംഗ്, ധില്ലന്‍, അര്‍മര്‍ എന്നിവരാണ് പിടിയാലായത്. ഹരിയാന, പഞ്ചാബ് സ്വദേശികളാണ് പിടിയിലായ 6 പേരും. ഇവര്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക വിവരങ്ങള്‍ പാകിസ്ഥാന് കൈമാറിയെന്നാണ് വിവരം.

പിടിയിലായവരില്‍ ഒരാളായ ജ്യോതി മല്‍ഹോത്ര ട്രാവല്‍ വ്‌ളോഗ് ചെയ്യുന്ന ഹരിയാനയില്‍ നിന്നുള്ള
യുട്യൂബറാണ്. ഇവര്‍ 2023 ല്‍ പാകിസ്ഥാനില്‍ പോയിരുന്നെന്നും അവിടെ ഒരു നയതന്ത്ര ഉദ്യോഗസ്ഥനെ പരിചയപ്പെട്ടെന്നുമാണ് വിവരം. തുടര്‍ന്ന് നിര്‍ണായക വിവരങ്ങള്‍ കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ-പാക് സംഘര്‍ഷാവസ്ഥയില്‍ ഇന്ത്യ പുറത്താക്കിയ പാക് നയതന്ത്ര ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കാണ് ഇവര്‍ വിവരങ്ങള്‍ കൈമാറിയത്. ഡാനിഷ് എന്നാണ് ഉദ്യോഗസ്ഥന്റെ പേര്. ഒപ്പം, പഞ്ചാബില്‍ നിന്നുള്ള രണ്ടു സ്ത്രീകളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് വിവരം. ഇവരും ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയെന്നാണ് പറയുന്നത്. പാകിസ്ഥാനിലുള്ള പലരുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പഹല്‍ഗാം ഭീകരാക്രമണത്തിനു മുന്‍പ് ഏകദേശം 2023 മുതല്‍ പാകിസ്ഥാനു വേണ്ടി ചാരപ്രവര്‍ത്തികള്‍ നടത്തിയവരാണ് പിടിയിലായ പ്രതികള്‍. പ്രതികളിലൊരാളായ ഗുസാല എന്ന സ്ത്രീ 2025 ഫെബ്രുവരിയില്‍ പാക് വിസയ്ക്ക് വേണ്ടി ഡാനിഷ് എന്ന നയതന്ത്ര ഉദ്യോഗസ്ഥനെ സന്ദര്‍ശിച്ചുവെന്നും ഒപ്പം ഇയാളുമായി സാമ്പത്തിക ഇടപാടുകള്‍ ഉള്ളതായും പറയപ്പെടുന്നു. പ്രതികളെ 6 പേരെയും ബന്ധിപ്പിക്കുന്ന ഘടകം ഡാനിഷ് എന്ന ഉദ്യോഗസ്ഥനാണ്. നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പ്രവര്‍ത്തി എന്ന് ചൂണ്ടിക്കാട്ടി ഇയാളെ ഇന്ത്യ തിരികെ പാകിസ്ഥാനിലേക്ക് പറഞ്ഞുവിട്ടിരുന്നു.