ക്രിമിയയില്‍ കപ്പലുകള്‍ക്ക് തീപിടിച്ച് മരിച്ചവരില്‍ ആറ് പേര്‍ ഇന്ത്യക്കാര്‍

Jaihind Webdesk
Wednesday, January 23, 2019

ക്രിമിയയ്ക്ക് സമീപം കെര്‍ഷ് സട്രെയ്റ്റില്‍ ഇന്ധനം നിറച്ച കപ്പലുകള്‍ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച 14 പേരില്‍ ആറ് പേര്‍ ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ടുകള്‍. കാണാതായ 10 പേര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്, ഇതില്‍ ആറ് ഇന്ത്യക്കാരും ഉള്‍പ്പെടുന്നതായാണ് ലഭിക്കുന്ന വിവരം.

അപകടത്തില്‍ മരിച്ച ഇന്ത്യക്കാര്‍ : പിനാല്‍ കുമാര്‍ ഭരത് ഭായ് ടാണ്ടെല്‍, വിക്രംസിംഗ്, ശരവണന്‍ നാഗരാജന്‍, വിശാല്‍ ദോഡ്, രാജ ദേബ്നാരായണ്‍ പാണിഗ്രഹി, കരണ്‍കുമാര്‍ ഹരിഭായ് ടാണ്ടെല്‍. ഇവരെ തിരിച്ചറിഞ്ഞതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അപകടത്തില്‍നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാര്‍: ഹാരിഷ് ജോഗി, സച്ചിന്‍ സിംഗ്, ആഷിഷ് അശോക് നായര്‍, കമലേഷ് ഭായ് ഗോപാല്‍ഭായ് ടാണ്ടെല്‍.

കാണാതായ ഇന്ത്യക്കാര്‍ : സിദ്ധാര്‍ഥ് മെഹര്‍, നീരജ് സിംഗ്, സെബാസ്റ്റ്യന്‍ ബ്രിട്ടോ ബ്രീസ് ലിന്‍ സഹായരാജ്, ഋഷികേശ് രാജു സാക്പല്‍, അക്ഷയ് ബബന്‍ ജാദവ്, ആനന്ദശേഖര്‍ അവിനാശ്.

കാന്‍ഡി, മാസ്ട്രോ എന്നീ കപ്പലുകളാണ് അപകടത്തില്‍ പെട്ടത്. കാന്‍ഡിയില്‍ പതിനേഴ് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ എട്ട് പേര്‍ ഇന്ത്യക്കാരാണ്.  മാസ്ട്രോ കപ്പലില്‍ ഏഴ് ഇന്ത്യക്കാരുള്‍പ്പെടെ 15 പേരാണ് ഉണ്ടായിരുന്നത്. തുര്‍ക്കി, ലിബിയ സ്വദേശികളാണ് ബാക്കി ജീവനക്കാര്‍.

ക്രിമിയയെയും റഷ്യയെയും വേര്‍തിരിക്കുന്ന കെര്‍ഷ് കടലിടുക്കില്‍ തിങ്കളാഴ്ച രാത്രിയാണ് കപ്പലുകള്‍ക്ക് തീപിടിച്ചത്. പിന്നാലെ ജീവനക്കാര്‍ കടലിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. കപ്പലുകളിലെ തീ ഇപ്പോഴും അണയ്ക്കാനായിട്ടില്ല.