കത്വ കൂട്ടമാനഭംഗക്കേസ് : 6 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; ഒരാളെ വെറുതെ വിട്ടു

Jaihind Webdesk
Monday, June 10, 2019

ജമ്മുവിലെ കത്വയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ആറു പ്രതികൾ‌ കുറ്റക്കാരെന്ന് കോടതി. സാഞ്ചി റാം, എസ്ഐ ആനന്ദ് ദത്ത, പൊലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, പർവേഷ് കുമാർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. സാഞ്ചി റാമിന്‍റെ മകൻ വിശാലിനെ വെറുതെ വിട്ടു. പഠാന്‍കോട്ടിലെ ജില്ല സെഷന്‍സ് കോടതി ഉച്ചയ്ക്ക് രണ്ടു മണിക്ക് വിധി പ്രസ്താവിക്കും.

നാല് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുള്ളത്. ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. ഗ്രാമമുഖ്യനും റവന്യുവകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനും സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയുമായ സാഞ്ചിറാം, സ്പെഷൽ പൊലീസ് ഓഫിസർ ദീപക് ഖജൂരിയ, സാഞ്ചിറാമിന്‍റെ മകൻ വിശാൽ ജംഗോത്ര, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സ്പെഷൽ പൊലീസ് ഓഫീസർ സുരീന്ദർ കുമാർ, ഹീരാ നഗർ പൊലീസ് സ്റ്റേഷനിലെ എസ്ഐ ആനന്ദ് ദത്ത എന്നിവരെ കൂടാതെ സമീപത്തെ സ്കൂളിലെ പ്യൂണിന്‍റെ മകനായ പതിനഞ്ചുകാരനും ഇയാളുടെ സഹായിയായ പർവേഷ് കുമാറും ഉള്‍പ്പെടെ എട്ടു പേരാണ് കേസിലെ പ്രതികള്‍. 2018 ജനുവരിയിലാണ് രാജ്യമെമ്പാടും വന്‍ പ്രതിഷേധത്തിന് കാരണമായ സംഭവം നടന്നത്.

നാടോടി സമുദായമായ ബഖര്‍വാലകളെ ഗ്രാമത്തില്‍ നിന്ന് പുറന്തള്ളുക ലക്ഷ്യമിട്ട് എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.