നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ അരൂർ മണ്ഡലത്തിൽ മത്സര രംഗത്ത് 6 സ്ഥാനാർത്ഥികൾ. ഒമ്പത് പേരാണ് മത്സരിക്കാൻ നാമനിർദ്ദേശ പത്രിക നൽകിയത്. മൂന്ന് പേരുടെ പത്രികകൾ തളളി. തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥികളെല്ലാം പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കി.
നാമനിർദ്ദേശ പത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായതോടെയാണ് അരൂർ മണ്ഡലത്തിൽ പോരാട്ട ചിത്രം തെളിഞ്ഞത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഷാനിമോൾ ഉസ്മാൻ, എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മനു സി പുളിക്കൽ, എൻ.ഡി.എ സ്ഥാനാർത്ഥിയായി പ്രകാശ് ബാബു എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാർത്ഥികളായി മത്സരരംഗത്തുള്ളത്ത്. കൂടാതെ മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ട്. മൂന്ന് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ തളളി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളും ശബരിമല, മരട് ഉൾപ്പടെയുള്ള വിഷയങ്ങളിലെ ഇടതു സർക്കാരിന്‍റെ ഇരട്ടത്താപ്പ് നയവും, മുൻ എം.എൽ.എ എ.എം ആരിഫ് മണ്ഡലത്തെ തിരിഞ്ഞു നോക്കാതിരുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് യു.ഡി.എഫിന്‍റെ പ്രധാന പ്രചണ ആയുധം.
കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ അരൂർ നിയമസഭാ മണ്ഡലത്തിൽ ലഭിച്ച ഭൂരിപക്ഷവും ഷാനിമോൾ ഉസ്മാന്‍റെ വിജയപ്രതീക്ഷ വർധിപ്പിക്കുന്നു. അതേ സമയം ആലപ്പുഴ ജില്ലയിലെ മുതിർന്ന നേതാക്കളെ ഒഴിവാക്കി ഡി.വൈ.എഫ്.ഐ നേതാവ് മനു സി പുളിക്കലിന് സ്ഥാനാർത്ഥിത്വം നൽകിയതും സി.പി.എമ്മിൽ വിഭാഗീയതയുടെ ആക്കം കൂട്ടി. ഇത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് തിരിച്ചടിയാകും. എൻ.ഡി.എയിലെ ഭിന്നത മൂലം പാർട്ടിക്കനുവദിച്ച സീറ്റിൽ മത്സരിക്കാതെ ബി.ഡി.ജെ.എസ് മാറി നിന്നതിനെ തുടർന്നാണ് സ്ഥാനാർത്ഥി പ്രകാശ് ബാബുവിനെ ബി.ജെ.പി രംഗത്തിറക്കിയത്. എൻ.ഡി.എയിലെ വിഭാഗീത രൂക്ഷമായ സാഹചര്യത്തിൽ ബി.ജെ.പിക്കാരനായ സ്ഥാനാർത്ഥിക്ക് ബി.ഡി.ജെ.എസിന്‍റെ വോട്ടുകൾ മുഴുവനായും ലഭിക്കുമോ എന്ന കാര്യത്തിലും എൻ.ഡി.എയിൽ ആശങ്കയുണ്ട്.