ഇന്ത്യയും ഓസ്‌ട്രേലിയും തമ്മിലുള്ള നിർണായകമായ അഞ്ചാം ഏകദിനം ഇന്ന് നടക്കും. ഇരുടീമുകളും രണ്ട് വിജയങ്ങൾ വീതം നേടിയിരിക്കെ ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. ഉച്ചയ്ക്ക് 1.30ന് ഡൽഹി ഫിറോസ് ഷാകോട്‌ലയിലാണ് മത്സരം.
ലോകകപ്പിന് മുമ്പെ മികച്ച പോരാട്ടം നടത്താനുള്ള അവസാന അവസരമാണ് ഇന്ത്യക്ക് ഇന്നത്തെ മത്സരം. ഒപ്പം ജയിച്ചാൽ പരമ്പരയും. ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിനത്തിൽ ആറ് വിക്കറ്റിനും നാഗ്പൂരിൽ നടന്ന രണ്ടാം ഏകദിനത്തിൽ എട്ട് റൺസിനും ഇന്ത്യൻ ജയം. റാഞ്ചിയിൽ 32 റൺസിന് ജയിച്ച് ആസ്‌ട്രേലിയ തിരിച്ചുവരവിന് തുടക്കമിട്ടു.
മൊഹാലിയിൽ കംഗാരുക്കൾ നാലുവിക്കറ്റിന് ജയിച്ചതോടെ പരമ്പര 2-2ന് സമനിലയിൽ. ഇതോടെ ലോകകപ്പിന് തൊട്ടുമുമ്പ് സ്വന്തം നാട്ടിൽ ഒരു പരമ്പര നഷ്ടമാകാനുള്ള സാധ്യത മുന്നിൽക്കണ്ട് വിരാട് കോഹ്ലിയും കൂട്ടരും സമ്മർദ്ദത്തിലാണ്. അതുകൊണ്ടുതന്നെ ഒരു ഫൈനൽ മത്സരത്തിന്‍റെ പ്രാധാന്യത്തോടെ അവസാന ഏകദിനത്തെ സമീപിക്കുന്നത്.
പോയ മത്സരത്തിലെ തോൽവി ഇന്ത്യക്ക് പാഠമാണ്. ഫീൽഡിങ്ങിലും ബൗളിങ്ങിലും നേരിട്ട പാളിച്ചകൾ പരിഹരിച്ചാൽ ഇന്ത്യക്ക് ഓസ്‌ട്രേലിയ്ക്ക് മേൽ ആധിപത്യം ഉറപ്പിക്കാം.
മൊഹാലിയിലേതുപോലെ രാത്രിയിലെ മഞ്ഞുവീഴ്ച ഡൽഹിയിലും ബൗളർമാർക്ക് ദുഷ്‌കരമാക്കും. ടോസ് കിട്ടിയിട്ടും ആദ്യം ബാറ്റ് ചെയ്തതാണ് മൊഹാലിയിൽ കോഹ്ലിക്ക് വിനയായത്. വിക്കറ്റ് കീപ്പിംഗിൽ ധോണിയോളം കരുത്ത് ഋഷഭ് പന്തിന് ഇല്ലാത്തതും തിരിച്ചടിയാണ്.
ആഷ് ടൺ ടർണറുടെ മികച്ച ഫോമാണ് ഇന്ത്യ നേരിടുന്ന മറ്റൊരു വെല്ലുവിളി. പരിക്കേറ്റ സ്റ്റോയ്നിസിന് പകരമാണ് ടർണർക്ക് അവസരം ലഭിച്ചത്. ഉസ്മാൻ ഖ്വാജ, മാക്‌സ്വെൽ, ഹാൻഡ്‌സ് കോംബ് എന്നിവർക്കൊപ്പം ടർണറും കൂടി മിന്നിയാൽ ഇന്ത്യൻ ബൗളർമാർ കഷ്ടപ്പെടും. അവസരത്തിനൊത്ത് ഉയരുന്ന ടീമിനാകും ജയസാധ്യത ഏറെയും കൽപ്പിക്കപ്പെടുന്നത്.