സംസ്ഥാനത്തെ 58 പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടത്തില്‍ ; പ്രവർത്തനരഹിതമായ 16 എണ്ണം പിരിച്ചുവിടണം : സി.എ.ജി റിപ്പോർട്ട്

തിരുവനന്തപുരം :  സംസ്ഥാനത്തെ 58 പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടത്തിലെന്ന് സി.എ.ജി കണ്ടെത്തി. പ്രവർത്തനരഹിതമായ 16 പൊതുമേഖല സ്ഥാപനങ്ങൾ പിരിച്ചുവിടണം. നെല്ല് സംഭരണശേഷി കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയാത്തതിനാൽ നെല്‍കർഷകർക്ക് ന്യായവില കിട്ടിയില്ലെന്നും നിയമസഭയിൽ സമർപ്പിച്ച സി.എ.ജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

1796.55 കോടിയുടെ നഷ്ടമാണ് പൊതുമേഖല സ്ഥാപനങ്ങൾ ഉണ്ടാക്കിയത്. എറ്റവും കൂടുതൽ നഷ്ടം ഉണ്ടാക്കിയത് കെ.എസ്.ആർ.ടി.സിയാണ്. ഷോപ്പിംഗ് കോംപ്ലക്സുകളുടെ നിർമ്മാണത്തിൽ കെ.എസ്.ആർ.ടി.സി കാര്യക്ഷമത കാട്ടിയില്ല. ഇക്കാര്യത്തിൽ കെടുകാര്യസ്ഥതയാണ് കെ.എസ്.ആർ.ടി.സിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. 53 പൊതുമേഖല സ്ഥാപനങ്ങൾ ഇപ്പോൾ ലാഭത്തിൽ പ്രവർത്തിക്കുന്നു. 2 പൊതു മേഖല സ്ഥാപനങ്ങൾ ലാഭവും നഷ്ടവും ഇല്ലാതെ പ്രവർത്തിക്കുന്നു. പ്രവർത്തനരഹിതമായ 16 പൊതുമേഖല സ്ഥാപനങ്ങൾ അടച്ചുപൂട്ടണമന്നും റിപ്പോർട്ടിൽ പറയുന്നു.

21.85 കോടി രുപ ചെലവിൽ സ്ഥാപിച്ച നെല്ല് സംസ്കരണ ശേഷി ഉപയോഗിച്ചില്ല. ഇക്കാരണത്താൽ നെല്‍ കർഷകർക്ക് ന്യായമായ വിലയും ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ അരി ലഭിച്ചില്ലന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. നിഷ്ക്രിയമായ 86 റോഡ് റോളറുകളുമായി ബന്ധപ്പെട്ട ജീവനക്കാർക്ക് വെറുതെ ശമ്പളം നൽകിയതിൽ 18.34 കോടി രൂപ നഷ്ടമായതായി സി.എ.ജി കണ്ടെത്തി.

Comments (0)
Add Comment