തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവിൽ വരും. ജൂലൈ 31 വരെ നീളുന്ന 52 ദിവസമാണ് ഇക്കുറി നിരോധന കാലയളവ്. ട്രോളിംഗ് നിരോധനം 36-ാം വർഷത്തിലേക്ക് കടക്കുമ്പോഴും നിരോധന കാലം ശാസ്ത്രീയ പഠനത്തിലൂടെ പുനഃക്രമീകരിക്കണമെന്ന ആവശ്യത്തിലെ തർക്കം തുടരുകയാണ്. നിരോധനം പ്രാബല്യത്തിൽ ആകുന്നതോടെ തീരമേഖലയ്ക്കിനി വറുതിയുടെ കാലമാണ് മുന്നിലുള്ളത്.
52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനമാണ് ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്ത് നിലവിൽ വരുന്നത്. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന ട്രോളിംഗ് ബോട്ടുകൾക്കാണ് നിരോധനം. കേരളത്തിന്‍റെ മത്സ്യസമ്പത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1988-ലാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിത്തുടങ്ങിയത്. പോലീസ് വെടിവെപ്പും ലാത്തിച്ചാർജും ഉൾപ്പെടെ കലാപകലുഷിതമായാണ് ആദ്യഘട്ടങ്ങളിൽ നിരോധനം നടപ്പിലാക്കിയിരുന്നത്. നിരന്തര ചർച്ചകളിലൂടെ പിന്നീട് ബോട്ട് ഉടമകൾ നിരോധനവുമായി സഹകരിക്കുകയായിരുന്നു.
എന്നാൽ ട്രോളിംഗ് നിരോധനം 36-ാം വർഷത്തിലേക്ക് കടക്കുമ്പോഴും നിരോധന കാലം ശാസ്ത്രീയ പഠനത്തിലൂടെ പുനഃക്രമീകരിക്കണമെന്ന ആവശ്യത്തിലെ തർക്കം തുടരുകയാണ്. ഓരോ മത്സ്യങ്ങളുടെയും പ്രജനനകാലം വ്യത്യസ്തമാണെന്നിരിക്കെ ജൂൺ, ജൂലൈ മാസത്തെ നിരോധനം കൊണ്ട് മത്സ്യസമ്പത്ത് വർധിക്കില്ല എന്ന വാദമാണ് ബോട്ടുടമകൾ ഉയർത്തുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പേരിൽ യന്ത്രവത്കൃത ഫൈബർ ബോട്ടുകൾക്കും വലിയ വള്ളങ്ങൾക്കും മത്സ്യബന്ധന അനുമതി നൽകുന്നതിനെയും ബോട്ടുടമകൾ ശക്തമായി എതിർക്കുകയാണ്.
മത്സ്യസമ്പത്ത് സംരക്ഷിക്കാനാണ് നിരോധനമെങ്കിൽ അന്യസംസ്ഥാനങ്ങളിലേതു പോലെ സമ്പൂർണ്ണ ഫിഷിംഗ് ഹോളിഡേയാണ്
കേരളത്തിലും നടപ്പിലാക്കേണ്ടതെന്നാണ് ബോട്ട് ഉടമകൾ വാദിക്കുന്നത്. 52 ദിവസം നീണ്ടുനിൽക്കുന്ന നിരോധന കാലയളവിൽ രണ്ടാഴ്ചത്തെ ഇളവ് വേണമെന്നാവശ്യവും ഇവർ മുന്നോട്ടുവെക്കുകയാണ്. നിരോധനം പ്രാബല്യത്തിൽ ആകുന്നതോടെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന പതിനായിരങ്ങളാണ് പ്രതിസന്ധിയിൽ ആകുന്നത്. വരാനിരിക്കുന്ന വറുതിയുടെ കാലത്തിന്‍റെ ആശങ്കയിലാണ് തീരമേഖല.