കിന്‍ഫ്ര പാർക്കിനായി ജനവാസകേന്ദ്രം ഉള്‍പ്പെടുന്ന 506 ഏക്കർ ഭൂമി ഏറ്റെടുക്കുന്നു ; പ്രതിഷേധവുമായി പ്രദേശവാസികള്‍

Jaihind News Bureau
Tuesday, December 31, 2019

ആരോഗ്യ മന്ത്രിയുടെ നിയോജക മണ്ഡലത്തിൽ കിൻഫ്ര പാർക്കിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത്. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ചെണ്ടയാട് നവോദയ വിദ്യാലയത്തിന് സമീപം ജനവാസ കേന്ദ്രം ഉൾപ്പെടുന്ന 506 ഏക്കർ ഭൂമി കിൻഫ്ര പാർക്കിനായി ഏറ്റെടുക്കുന്നതിന് എതിരെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത് എത്തിട്ടുള്ളത്.

കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ പുത്തൂർ, മൊകേരി, ചെറുവാഞ്ചേരി വില്ലേജുകളിൽ ഉൾപ്പെടുന്ന 506 ഏക്കർ ഭൂമിയാണ് കിൻഫ്ര പാർക്കിനായി ഏറ്റെടുക്കാന്‍ നീക്കം നടക്കുന്നത്. ചെണ്ടയാട് നവോദയ വിദ്യാലയത്തോട് ചേർന്നുള്ള പ്രദേശം കിൻഫ്ര പാർക്കിനായി ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചതോടെയാണ് പ്രദേശവാസികൾ പദ്ധതിക്കെതിരെ രംഗത്ത് എത്തിയത്. 506 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിൽ
273 വീടുകളും, ഏക്കർ കണക്കിന് കൃഷിയിടങ്ങളും ഉൾപ്പെടുന്നു. ഇതിൽ 169 ഏക്കർ പരിസ്ഥിതി ലോല പ്രദേശവുമാണ്.

169 ഏക്കർ പരിസ്ഥിതി ലോല പ്രദേശവും ഉൾപ്പെടുത്തി കണ്ണൂർ ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയത്തിന്‍റെ സമീപത്ത് ഒരു ലക്ഷം മരങ്ങൾ മുറിച്ചുമാറ്റി വ്യവസായ പാർക്ക് സ്ഥാപിക്കുന്നത് വലിയ പരിസ്ഥിതി പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.

കിൻഫ്ര പാർക്ക് പദ്ധതിയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുക, നിലവിലെ പ്ലാൻ റദ്ദാക്കുക, വ്യവസായത്തിനായി ഭൂഗർഭ ജലചൂഷണം ഒഴിവാക്കുക, മണ്ണും ജലവും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി പ്രധാനമായി ഉന്നയിക്കുന്നത്. സമര പരിപാടികളുടെ ഭാഗമായി 9 പേർ  34 മണിക്കൂർ രാപ്പകൽ നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ചു.ചെണ്ടയാട് ദീപിക മൈതാനിയിൽ നടന്ന നിരാഹാര സമരത്തിന് വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. വിവിധ ജനപ്രതിനിധികൾ നടത്തിയ നിരാഹാര സമരത്തിനും മറ്റ് സമരപരിപാടികൾക്കും സി.പി.എം ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു.