പാചകവാതകത്തിന് 500 രൂപ; രാജസ്ഥാനില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കായി വമ്പന്‍ പ്രഖ്യാപനവുമായി അശോക് ഗെഹ്ലോത്ത്

Jaihind Webdesk
Tuesday, December 20, 2022

Ashok-Gehlot
ജയ്പൂര്‍: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗങ്ങള്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകൾ നൽകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്.  അവർക്കായി ഒരു പ്രത്യേക വിഭാഗം സൃഷ്ടിക്കുകയും അർഹതയുള്ളവർക്ക് അതിന്‍റെ ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

500 രൂപ നിരക്കില്‍ വര്‍ഷം 12 സിലിന്‍ഡറുകള്‍ ലഭ്യമാക്കും. ഉജ്ജ്വല പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും ആനുകൂല്യം ലഭിക്കും. അടുത്ത വര്‍ഷം ഏപ്രില്‍ മുതലായിരിക്കും പദ്ധതി പ്രാബല്യത്തില്‍ വരികയെന്നും ഗെഹ്‌ലോത് പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ പൊതുയോഗം രാജസ്ഥാനിലെ അല്‍വാറില്‍ സംഘടിപ്പിച്ചപ്പോഴാണ് അശോക് ഗെഹ്ലോട്ടിന്‍റെ പ്രഖ്യാപനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഗെഹ്ലോട്ടിന്‍റെ പ്രഖ്യാപനം.

ഉജ്ജ്വല പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി പാവങ്ങള്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍, സിലിന്‍ഡര്‍ ഒഴിഞ്ഞു കിടക്കുകയാണ്. 400 മുതല്‍ 1,040 രൂപവരെയാണ് സിലിന്‍ഡറിന് വില, ഇതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതിയുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി എത്തിയത്.

1.35 കോടി സ്ത്രീകൾക്ക് സൗജന്യ സ്‌മാർട്ട്‌ഫോണുകൾ നൽകാനുള്ള അടുത്തിടെയുള്ള തീരുമാനത്തിന് ശേഷമാണ് അശോക് ഗെഹ്ലോട്ടിന്‍റെ പുതിയ തീരുമാനം.