തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരളീയത്തിന് ലൈറ്റിട്ട വകയില്‍ ഊരാളുങ്കലിന് 50 ലക്ഷം രൂപ അഡ്വാന്‍സ് സര്‍ക്കാര്‍ അനുവദിച്ചു . സെമിനാറിന് എത്തുന്നവര്‍ക്ക് ആഹാരം നല്കാന് സ്പോണ്‍സര്‍മാരെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ വകുപ്പുകള്‍ക്ക് ഏഴ് ലക്ഷം രൂപയും അനുവദിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളീയം പരിപാടിക്കായി സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകളാണ് പുറത്തുവരുന്നത്. നഗരത്തിലാകെ ലൈറ്റിട്ട വകയില്‍ ഊരാളുങ്കലിന് 50 ലക്ഷം രൂപ അഡ്വാന്‍സ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. ലൈറ്റിംഗിനായി ചുമതല ഏറ്റെടുത്ത് ഊരാളുങ്കലിന് 25 ലക്ഷം രൂപ തുടക്കത്തില്‍ അഡ്വാന്‍സായി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയതായി 25 ലക്ഷം രൂപ കൂടി നല്‍കിയത്. ഇപ്പോള്‍ അനുവദിച്ച 25 ലക്ഷം രൂപ കൂടി ചേര്‍ത്താല്‍ 50 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇതുവരെ ഊരാളുങ്കലിന് മുന്‍കൂറായി അനുവദിച്ചത്.
കേരളീയത്തിന് പൊതുവെ ആളെത്തുന്നില്ലെന്ന പരാതിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവക്കാര്‍ കൂട്ടത്തോടെ ഓഫീസ് വിട്ടിറങ്ങുന്നുവെന്ന ആക്ഷേപവും ശക്തമാണ്. പരിപാടിയില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി പരമാവധി ആളെ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ മുന്‍കൈയെടുത്ത് മറ്റു ജില്ലകളില്‍ നിന്നും ആളെ ഇറക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ആളു കുറവായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും കുടുംബത്തോടെ പരിപാടിയില്‍ എത്തണമെന്നും സര്‍ക്കാര്‍ വാക്കാല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.