സമരത്തിന്‍റെ 50 ദിനങ്ങള്‍; ‘തീ’യായി ആളിക്കത്തി ആശമാര്‍

Jaihind News Bureau
Monday, March 31, 2025

ആശമാരുടെ സമരം 50- ആം ദിവസത്തിലേക്ക് കടന്നു. രാപ്പകല്‍ സമരം നടത്തി. നിരാഹാര സമരവും നടത്തി. ഇപ്പോഴിതാ മുടി മുറിച്ചും പ്രതിഷേധിക്കുകയാണ്. സര്‍ക്കാരിന്‍റെ കണ്ണില്ലാ ക്രൂരതയുടെ 50 ദിനങ്ങളാണ് കടന്നു പോകുന്നത്. സ്ത്രീ എന്നാല്‍ അമ്മയാണ്, അബലയാണ്, ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ദേവതയാണ് എന്നൊക്കെ പ്രസംഗം നടത്തുമ്പോള്‍ ആ വിശേഷണങ്ങള്‍ മാത്രം പോരാ സ്ത്രീ വര്‍ഗത്തെ കുറിച്ച് വിശദീകരിക്കുമ്പോള്‍. അവര്‍ക്ക് പ്രതികരിക്കാനും ആവശ്യങ്ങള്‍ നേടിയെടുക്കും വരെ ഒരു സര്‍ക്കാരിനെയും പേടിക്കാതെ നിലപാടില്‍ ഉറച്ചു നില്‍ക്കാനും അറിയാം.

ഒരു സ്ത്രീയുടെ ശത്രു എപ്പോഴും മറ്റൊരു സ്ത്രീ ആയിരിക്കും. ഇവിടെയും അതില്‍ മാറ്റമില്ല. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് മറ്റൊരു സ്ത്രീയാണെന്ന് പലപ്പോഴും മറക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് സ്‌നേഹത്തിന്റെ പാല്‍ക്കുടം ഒഴുക്കിയിട്ട് വിജയിച്ച് സ്ഥാനത്തെത്തിയപ്പോള്‍ അവരെയൊക്കെ കാണുന്നത് തന്നെ മന്ത്രിക്ക് അയിത്തമാണ്. കറിവേപ്പില പോലെയാണ് അരികില്‍ എത്തുന്ന ആവശ്യക്കാരെ പിണറായിയും മന്ത്രിമാരും കാണുന്നത്. ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് അവിടെയും ഇവിടെയും പോയി വീമ്പ് പറയുമ്പോള്‍ ഇതേ ജനങ്ങള്‍ തന്നെ വേണം വോട്ട് ചെയ്യാനെന്നും കൂടി നേതാക്കള്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.

സഖാക്കള്‍ക്ക് ഒരിക്കല്‍ കൂടി അവസരം നല്‍കിയാല്‍ നാട് കുട്ടിച്ചോറാക്കും എന്ന് മനസ്സിലാക്കാന്‍ ആശമാരുടെ നീതി കിട്ടാത്ത സമരത്തിന്റെ ഉദാഹരണം തന്നെ ധാരാളം. എന്ത് തന്നെയാലും സ്ത്രീകള്‍ ഇറങ്ങി പുറപ്പെട്ടാല്‍ ഏതു പിണറായി സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വരും. ഒപ്പം മനുഷ്യാവകാശ ലംഘനത്തിന് കൂടിയാണ് സര്‍ക്കാര്‍ കുട പിടിക്കുന്നത്.