സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ് ബാധ; ആകെ രോഗബാധിതരുടെ എണ്ണം 61 ആയി

Jaihind Webdesk
Thursday, July 29, 2021

 

തിരുവനന്തപുരം : സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 61 ആയി.

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി (53), പേട്ട സ്വദേശിനി (44), നേമം സ്വദേശിനി (27), വെള്ളയമ്പലം സ്വദേശിനി (32), എറണാകുളത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി (36) എന്നിവര്‍ക്കാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്.

പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബ്, എന്‍ഐവി ആലപ്പുഴ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്.  7 പേരാണ് നിലവില്‍ രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.