തമിഴ്നാട് ദിണ്ടിഗലിന് സമീപം കാറുകൾ കൂട്ടിയിടിച്ച് നാല് മലയാളികൾ ഉള്‍പ്പെടെ 5 പേര് മരിച്ചു. ദിണ്ടിഗല്ലിന് സമീപം വാടിപ്പെട്ടിയിൽ പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ഏർവാടിയിലേക്ക് തീർത്ഥാടനത്തിനുപോയ കുറ്റിപ്പുറം സ്വദേശികളാണ് മരിച്ച മലയാളികള്‍. മലപ്പുറം കുറ്റിപ്പുറം പേരശന്നുർ വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസൽ, സഹന, കാർ ഡ്രൈവർ വളാഞ്ചേരി മൂടാൻ സ്വദേശി കിലാർ, ബൈക്ക് യാത്രികൻ ദിണ്ടിഗൽ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്.
ഏർവാടിയിലേക്ക് തീർത്ഥയാത്ര പോയ റസീനയും കുടുംബം സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തൊട്ടുപിന്നാലെ വന്ന ബൈക്ക് മലയാളികൾ സഞ്ചരിച്ച കാറിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ ഡ്രൈവറും റസീനയും അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
അപകടത്തിൽ ആറു പേർക്ക് പരുക്കേറ്റു. ഇവര്‍ മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.