കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു; മരിച്ചത് ഒരു കുടുംബത്തിലെ അംഗങ്ങള്‍

Jaihind News Bureau
Saturday, February 1, 2020

കോട്ടയം കുറവിലങ്ങാടിനു സമീപം എം.സി റോഡിൽ കാളികാവിൽ നിയന്ത്രണം വിട്ട കാർ തടിലോറിയിൽ ഇടിച്ച് മൂന്നു സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. കോട്ടയം വേളൂർ ഉള്ളാട്ടിൽപാദി വീട്ടിൽ തമ്പി, ഭാര്യ വത്സല, മരുമകൾ പ്രഭ, ചെറുമകൻ അർജുൻ, പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.

പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം നടന്നത്. കുടുംബാംഗങ്ങളൊരുമിച്ച് പാലക്കാട്ടു പോയി മടങ്ങവേ കാർ എതിരെ വന്ന തടി ലോറിയിൽ ഇടിച്ച് പൂർണമായും തകരുകയായിരുന്നു.  കാറിനുള്ളിൽ കുരുങ്ങിപ്പോയ 5 പേരെയും നാട്ടുകാരും കടുത്തുരുത്തിയിൽനിന്ന് എത്തിയ അഗ്നിരക്ഷാ സേനയും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്   ഉടൻ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.