അമ്പലപ്പുഴ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കാറിലുണ്ടായിരുന്ന 5 യുവാക്കള്‍ക്ക് ദാരുണാന്ത്യം

Jaihind Webdesk
Monday, January 23, 2023

 

ആലപ്പുഴ: അമ്പലപ്പുഴ ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അഞ്ചുപേർ മരിച്ചു. അമ്പലപ്പുഴ കാക്കാഴം മേൽപ്പാലത്തിലാണ് അപകടം നടന്നത്. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ്, ഷിജു ദാസ്, സച്ചിൻ, സുമോദ്, കൊല്ലം മൺറോതുരുത്ത് തേവലക്കര സ്വദേശി അമൽ എന്നിവരാണ് മരിച്ചത്. കാർ അമിത വേഗതയിലായിരുന്നതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ലോറി ഡ്രൈവറേയും സഹായിയേയും പോലീസ് കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.

ആലപ്പുഴ ഭാഗത്തേക്ക് വന്ന കാറിൽ കൊല്ലം ഭാഗത്തേക്ക് അരി കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. നാലുപേർ സംഭവ സ്ഥലത്തും ഒരാൾ മെഡിക്കൽ കോളജ് ആശുപത്രിയിലും മരിച്ചു. അമലാണ് ആശുപത്രിയിൽ മരിച്ചത്. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഇവർ കാറില്‍ പോയത്. അപകടത്തെ തുടർന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.

തിരുവനന്തപുരം ആലത്തൂർ യേശുദാസിന്‍റെ മകൻ ഷിജിൻ ദാസ് (24), ആലത്തൂർ കുളത്തിൻകര കാപ്പുകാട്ടിൽ മോഹനന്‍റെ മകൻ മനു (24), ആലത്തൂർ തെക്കേക്കര പുത്തൻവീട്ടിൽ ശ്രീകുമാറിന്‍റെ മകൻ പ്രസാദ് (25), കൊല്ലം മൺറോത്തുരുത്ത് അനു നിവാസിൽ രാധാമണിയുടെ മകൻ അമൽ (28), തിരുവനന്തപുരം മുട്ടട അഞ്ജനയിൽ ചാക്കോയുടെ മകൻ സുമോദ് എന്നിവരാണ് മരിച്ചത്. ഐഎസ്ആർഒയിലെ ജീവനക്കാരാണ് ഇവർ.