പാകിസ്താനിലെ പള്ളിയില്‍ ചാവേറാക്രമണം; 46 മരണം, 150 ലേറെ പേർക്ക് പരിക്ക്

Jaihind Webdesk
Monday, January 30, 2023

ഇസ്‌ലാമാബാദ്‌: പാകിസ്താനിലെ പെഷാവറില്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ പോലീസുകാർ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന. പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ പള്ളിയില്‍ എത്തിയ സമയത്തായിരുന്നു ആക്രമണം. ആക്രമണത്തില്‍ മസ്ജിദ് ഭാഗികമായി തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.

 

 

അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ ഉച്ചതിരിഞ്ഞ് പ്രാര്‍ത്ഥന നടക്കുന്നതിനിടെയായിരുന്നു ചാവേര്‍ ആക്രമണം. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്. പ്രാര്‍ത്ഥനയ്ക്കിടെ ചാവേറായി എത്തിയ ആള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തെ സ്റ്റേഷനുകളിലെ പൊലീസുകാരും നാട്ടുകാരുമടക്കം പ്രാര്‍ത്ഥിക്കുന്ന സമയത്താണ് ആക്രമണമുണ്ടായത്. സ്‌ഫോടനം നടക്കുമ്പോള്‍ 150 ലേറെ വിശ്വാസികള്‍ പള്ളിക്കകത്തുണ്ടായിരുന്നതായി സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പെഷവാറിലെ ഷിയാ പള്ളിയിലുണ്ടായ ഐഎസ് ചാവേര്‍ ആക്രമണത്തില്‍ 64 പേര്‍ കൊല്ലപ്പെട്ടിരുന്നു.