രാജ്യത്ത് 45,892 കൊവിഡ് രോഗികള്‍, 817 മരണം; രോഗികളുടെ എണ്ണത്തില്‍ കേരളം മുന്നില്‍

Jaihind Webdesk
Thursday, July 8, 2021

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,892 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേതിലും രണ്ടായിരത്തിലേറെ കേസുകളാണ് വര്‍ധിച്ചത്. ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിലും 784 രോഗികളുടെ വര്‍ധനവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 817 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ കൊവിഡ് മരണം 4,05,028 ആയി ഉയര്‍ന്നു. 3,07,09,557 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതില്‍ 2,98,43,825 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്  44,291 പേരാണ്. വിവിധ സംസ്ഥാനങ്ങളിലായി 4,60,704 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 36,48,47,549 പേര്‍ ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിലെ വര്‍ധനവിലും പുതിയ രോഗികളഉടെ എണ്ണത്തിലും കേരളമാണ് മുന്നില്‍‌. 24 മണിക്കൂറിനിടെ 15,600 പുതിയ കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയില്‍ പതിനായിരത്തില്‍ താഴെയാണ് കേസുകള്‍.  പ്രതിദിന മരണസംഖ്യയില്‍ മുന്നിലുള്ളത് മഹാരാഷ്ട്രയാണ്, 326 മരണങ്ങള്‍. തൊട്ടുപിന്നില്‍ കേരളം. 148 മരണങ്ങളാണ് കേരളത്തില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം തരംഗം പൂര്‍ണമായും നിയന്ത്രണവിധേയമാണെന്ന് പറയാനാകാത്ത സാഹചര്യത്തിലാണ് മൂന്നാം തരംഗ ഭീഷണിയും തൊട്ടടുത്തെത്തി നില്‍ക്കുന്നത്.