പിണറായി സർക്കാർ മൂന്നരമാസത്തിനിടെ അനധികൃതമായി സ്ഥിരപ്പെടുത്തിയത് 456 പേരെ ; തെളിവുകള്‍ പുറത്ത്

Jaihind News Bureau
Saturday, February 6, 2021

സംസ്ഥാനത്ത് മൂന്നര മാസത്തിനിടെ 456 പേരെ സർക്കാർ അനധികൃതമായി സ്ഥിരപ്പെടുത്തിയതിന്‍റെ തെളിവുകൾ പുറത്ത്. നിയമ, ധന വകുപ്പുകളുടെ എതിർപ്പ് മറികടന്നാണ് താൽക്കാലിക നിയമനങ്ങൾ സ്ഥിരപ്പെടുത്താനുള്ള തീരുമാനം മന്ത്രിസഭ കൈക്കൊണ്ടത്.

മൂന്നര മാസത്തിനിടെ സംസ്ഥാന മന്ത്രിസഭ 456 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയാണ്. പല നിയമനങ്ങളിലും ധനവകുപ്പും നിയമവകുപ്പും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതിനെ മറികടന്നാണ് അനധികൃത നിയമനവുമായി സർക്കാർ മുന്നോട്ട് പോയതെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. കർണാടക സർക്കാരും ഉമാദേവിയും തമ്മിലുളള കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പും നിയമവകുപ്പും നിയമനങ്ങളെ എതിർത്തത്. ഇതോടെ ഈ സ്ഥിരപ്പെടുത്തലുകൾ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ സർക്കാരും പാർട്ടിയും പ്രതിക്കൂട്ടിലാകുമെന്ന് ഉറപ്പായി. ഭരണം അവസാനിക്കുന്നതിന് മുമ്പ് സ്വന്തക്കാർക്കും പാർട്ടിക്കാർക്കും ജോലി ഉറപ്പാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം.

സി ഡിറ്റിൽ 114 ഉം കെൽട്രോണിൽ 296ഉം ഭൂദാന വകിപ്പിൽ 25 ഉം കിലയിൽ 10 ഉം സ്ഥിരനിയമനങ്ങളാണ് സർക്കാർ അനധികൃതമായി നടത്തിയത്. ഇതിനുപുറമെ ഫോറസ്റ്റ് ഇൻഡസ്ട്രിയിൽ ട്രാവൻകൂർ ലിമിറ്റഡിൽ 3 പേരെയും കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷനിൽ 6 പേരെയും ഈറ്റ കാട്ടുവള്ളി ബോർഡിൽ രണ്ട് പേരെയും എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി സ്ഥിരപ്പെടുത്താനുള്ള തീരുമാനം മന്ത്രിസഭ കൈക്കൊണ്ടു. വിവാദ നിയമനങ്ങൾ കോടതിയിൽ എത്തുമ്പോൾ അപ്പോൾ നേരിടാമെന്നതാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ നിലപാട്. പൊതുമേഖലാ സ്ഥാപനങ്ങളിലാണ് താൽക്കാലിക ജീവനക്കാരെ നിയമിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നത്. ഇവിടുത്തെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല. കിലയിൽ ഉൾപ്പടെ സ്പെഷ്യൽ റൂൾ നടപ്പിലാക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ എടുത്ത തീരുമാനം അട്ടിമറിക്കുന്നതും ഈ ദുരുദ്ദേശത്തോടെയാണെന്ന് വ്യക്തം.